തലശ്ശേരി: തലശ്ശേരി-മാഹി ബൈപാസിന്റെ നിർമ്മിതിയെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര. ആകർഷകമായ ബൈപാസിന്റെ ആകാശ ദൃശ്യം എക്സിൽ പങ്കു വച്ചാണ് അദ്ദേഹം തലശ്ശേരി-മാഹി ബൈപാസിനെ പ്രശംസിച്ചത്. ഒരു അംബരചുംബിയായ കെട്ടിടം നിലത്ത് കിടത്തിയിരിക്കുന്നത് പോലെ തോന്നുന്നുവെന്നാണ് അദ്ദേഹം വർണന. ഇതിനകം ശ്രദ്ധ നേടിയ പോസ്റ്റിൽ, നിരവധി പേരാണ് പ്രധാനമന്ത്രിയേയും നിതിൻ ഗഡ്കരിയേയും അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുന്നത്.
“ആദ്യം അത് പ്രകൃതിദത്തമായ ഭൂപ്രകൃതിയിൽ ഒരു കോൺക്രീറ്റ് അടിച്ചേൽപ്പിക്കുന്നതു പോലെ തോന്നി. എന്നാൽ അതിന് അതിൻ്റേതായ സൗന്ദര്യാത്മകതയുണ്ട്. അതോടൊപ്പം ഇരുവശത്തുമുള്ള സൗന്ദര്യത്തെ അഭിനന്ദിക്കാതിരിക്കാൻ എനിക്കാവില്ല” തലശ്ശേരി-മാഹി ബൈപാസിന്റെ നിർമ്മിതിയെ പുകഴ്ത്തി ആനന്ദ് മഹീന്ദ്ര എക്സിൽ കുറിച്ചു.
ദേശീയപാത വികസനത്തിന്‍റെ ഭാഗമായ മലബാറിലെ ആദ്യ ആറുവരിപ്പാതയാണ് തലശ്ശേരി-മാഹി ബൈപാസ്. ഇക്കഴിഞ്ഞ മാർച്ച് 11-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ബൈപ്പാസ് ഉദ്ഘാടനം ചെയ്തത്. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയായിരുന്നു പ്രധാനമന്ത്രി ബൈപ്പാസ് ഉദ്ഘാടനം ചെയ്തത്. തലശ്ശേരി-മാഹി ബൈപാസിലൂടെ പരമാവധി 20 മിനിറ്റിനുള്ളിൽ 18.6 കിലോമീറ്റർ ദൂരം ഓടിയെത്താൻ സാധിക്കും. ഒരു മേൽപ്പാലം, ഒരു റെയിൽവേ ഓവർ ബ്രിഡ്ജ്, 21 അണ്ടർ പാസുകൾ, ഒരു ടോൾ പ്ലാസ എന്നിവയുൾപ്പെടുന്നതാണ് തലശ്ശേരി-മാഹി ബൈപ്പാസ്.

