തിരുവനന്തപുരം: വര്‍ഷങ്ങളായി കേരളത്തില്‍ നിന്നും ആളുകള്‍ ജോലിക്കായി വിദേശത്തേക്ക് പോകുമ്പോള്‍, അഞ്ചുലക്ഷം പേര്‍ക്ക് തൊഴില്‍ എന്ന മോദിയുടെ ഗ്യാരണ്ടി പ്രധാനപ്പെട്ടതെന്ന് നടി ശോഭന. മോദിയുടെ ലക്ഷ്യങ്ങള്‍ നടപ്പാക്കാന്‍ പറ്റുന്നവരാണ് കേരളത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെന്നും ശോഭന പറഞ്ഞു. കാട്ടാക്കടയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് വേദിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
വര്‍ഷങ്ങളായി ആള്‍ക്കാര് ഇവിടുന്ന് വിദേശത്തേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. എന്തുകൊണ്ടാണ് ഇത്രയും ആള്‍ക്കാര്, കൂട്ടപ്രയാണം നടത്തുന്നു എന്നത് ചിന്തിക്കേണ്ട വിഷയമാണെന്നും ശോഭന പറഞ്ഞു. മോദിജിയുടെ ലീഡര്‍ഷിപ്പില്‍ ഇംപോസ്സിബിള്‍ ആയ പലതും പോസ്സിബിള്‍ ആയിട്ടുണ്ട്. അതിന്റെ തെളിവാണ് രണ്ടാം ഇന്നിങ്‌സിലും മോദി ക്യാപ്റ്റനായി തുടരുന്നത്. ഇപ്പോള്‍ ഇതു മൂന്നാം ഇന്നിങ്‌സിന് സമയമായി. അഞ്ചുവര്‍ഷം കൊണ്ട് അഞ്ചുലക്ഷം യുവാക്കള്‍ക്ക് സ്‌കില്‍ ഡെവലപ്പ്‌മെന്റ്, അതായത് പ്ലസ് ടു പാസ്സായവര്‍ക്ക് പോലും ജോലി കിട്ടുമെന്നതാണ് മോദി ഗ്യാരണ്ടിയെന്നും അവർ കൂട്ടിച്ചേർത്തു.

