ഡൽഹി: ഇലക്ടറൽ ബോണ്ട് പിൻവലിച്ചതിൽ എല്ലാവരും ദുഖിക്കേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇലക്ടറൽ ബോണ്ട് നടപടികൾ സുതാര്യമായിരുന്നുവെന്നും. പണം എവിടെ നിന്ന് വന്നു, ആര് നൽകി എന്ന വിവരങ്ങൾ അറിയാൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. വാർത്ത ഏജൻസിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഈ കാര്യം പറഞ്ഞത്.
അതേസമയം പ്രചാരണത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി കോൺഗ്രസിനും സിപിഎമ്മിനും എതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. ഇവിടെ വലിയ ശത്രുക്കളായവർ ഡൽഹിയിൽ സുഹൃത്തുക്കളാണെന്ന് അദ്ദേഹം പറഞ്ഞു. ഇടത് വലത് മുന്നണികളുടെ വിശ്വാസ്യത നഷ്ടപ്പെട്ടു കഴിഞ്ഞു. കോൺഗ്രസിനും ഇടത് പാർട്ടികൾക്കും ഒരു വ്യത്യാസവും ഇല്ലെന്നും രണ്ട് പേരും അഴിമതിക്കാരാണെന്നും അഴിമതി നടത്താൻ മത്സരിക്കുന്നവരാണെന്നും രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി. രണ്ടു പേരും വികസന വിരോധികളെന്നും പ്രധാനമന്ത്രി വിമർശിച്ചു. സ്വർണ്ണക്കടത്തും കരുവന്നൂർ ബാങ്ക് തട്ടിപ്പും മാസപ്പടിയും പ്രധാനമന്ത്രി പ്രസംഗത്തിനിടെ പരാമർശിച്ചു. സ്വർണ്ണക്കടത്തിൽ പ്രതികളെ രക്ഷിക്കാൻ സർക്കാൻ സംവിധാനം പൂർണ്ണമായും ഉപയോഗിച്ചുവെന്ന് പറഞ്ഞ പ്രധാനമന്ത്രി സഹകരണ ബാങ്ക് അഴിമതികളെക്കുറിച്ചും എടുത്ത് പറഞ്ഞു.
സിപിഎം ഭരിക്കുന്ന സഹകരണ സംഘങ്ങൾ പാവപ്പെട്ടവരുടെ പണം കൊള്ളയടിക്കുന്നു. ഒരു ലക്ഷം കോടിയുടെ കൊള്ള നടക്കുന്നു. അഴിമതി നടത്തിയ എല്ലാവരെയും തുറുങ്കിൽ അടക്കുമെന്നും അഴിമതി നടത്തിയ പണം തിരികെ പാവങ്ങൾക്ക് എത്തിക്കുമെന്നും മോദി ഉറപ്പ് നൽകി.
Discussion about this post