കൊച്ചി∙ പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ കെ.ജി. ജയൻ അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വീട്ടിൽവച്ചായിരുന്നു അന്ത്യം. ഇരട്ടസഹോദരനായ വിജയനൊപ്പം ചേർന്നുളള കൂട്ടുകെട്ടിൽ ശാസ്ത്രീയ സംഗീതരംഗത്തും ഭക്തിഗാനരംഗത്തും സിനിമാഗാരംഗത്തും ഒരുപിടി മികച്ച ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട് ജയൻ. 1988ൽ വിജയന്റെ നിര്യാണത്തോടെ തനിച്ചായെങ്കിലും ഭക്തി ഗാനങ്ങളിലൂടെയും കച്ചേരികളിലൂടെയും ജയൻ സംഗീത യാത്ര തുടർന്നു. പ്രശസ്ത സിനിമാ താരം മനോജ് കെ.ജയൻ മകനാണ്.
ഇക്കഴിഞ്ഞ ഡിസംബറിലാണ് കെ ജി ജയൻ നവതി ആഘോഷിച്ചത്. സിനിമ ഭക്തി ഗാനങ്ങളിലൂടെ കർണാടക സംഗീതത്തെ ജനകീയമാക്കിയ സംഗീതജ്ഞൻ കൂടിയായിരുന്നു കെ ജി ജയൻ. ഇരുപതോളം സിനിമകൾക്ക് സംഗീത സംവിധാനം നിർവഹിച്ചു. 1968-ൽ പുറത്തിറങ്ങിയ ഭൂമിയിലെ മാലാഖമാർ ആണ് ആദ്യസിനിമ. ‘നക്ഷത്രദീപങ്ങൾ തിളങ്ങി…’, ‘ഹൃദയം ദേവാലയം…’ തുടങ്ങിയവ ഏറെ ഹിറ്റായി. 2019 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. കേരള സംഗീത നാടക അക്കാദമി അവാർഡ്, ഹരിവരാസനം അവാർഡ് എന്നിവയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
Discussion about this post