ന്യൂഡൽഹി: രാമക്ഷേത്രത്തെ കോൺഗ്രസ് രാഷ്‌ട്രീയ ആയുധമായാണ് കാണുന്നതെന്ന വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ എന്തുകൊണ്ട് പ്രതിപക്ഷ നേതാക്കൾ പങ്കെടുക്കാൻ വിസമ്മതിച്ചതെന്നും അദ്ദേഹം ചോദിച്ചു. വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വിമർശം.
വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ആയുധമായി മാത്രമാണ് കോൺഗ്രസ് രാമക്ഷേത്രത്തെ കാണുന്നത്. അതുകൊണ്ട് തന്നെയാണ് രാമക്ഷേത്ര നിർമ്മാണത്തിനുള്ള കോടതി വിധി വൈകിപ്പിക്കാൻ അവർ ശ്രമിച്ചതെന്നും അനിഷ്ട സംഭവങ്ങൾ നടക്കുമെന്ന് പറഞ്ഞ് അവർ ഭയപ്പെടുത്തിയതും അതിനാലാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പക്ഷേ അനിഷ്ട സംഭവങ്ങൾ ഒന്നുമില്ലാതെ ഞങ്ങൾ രാമക്ഷേത്രം നിർമ്മിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വോട്ട് ബാങ്ക് നിങ്ങളെ നിസഹായരാക്കിയിരിക്കുന്നു. വോട്ട് ബാങ്കിന്റെ ബലത്തിലാണ് നിങ്ങൾ പലകാര്യങ്ങളും ചെയ്യുന്നത്. വോട്ട് ബാങ്കിന്റെ ബലത്തിലാണ് കോൺഗ്രസ് മറ്റുള്ളവരെ അപമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ രാജ്യത്തിന്റെ ഏതു ഭാഗത്തു പോയാലും അവരുടെ സാംസ്‌കാരികമായ വസ്ത്രധാരണമാണ് സ്വീകരിക്കുന്നത്, ഇതിനെയൊക്കെ അവര്‍ വിമര്‍ശിക്കുന്നതല്ലാതെ മറ്റൊന്നും ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും അദേഹം വ്യക്തമാക്കി.
മറ്റുള്ളവരെ താഴ്‌ത്തി കാണിക്കുകയും അപമാനിക്കുകയുമാണ് കോണ്‍ഗ്രസ് സ്വഭാവം. പക്ഷേ രാമക്ഷേത്രം പണിതവരും അതിനായി പോരാടിയവരും നിങ്ങളുടെ തെറ്റുകള്‍ മറക്കുകയാണ് ചെയ്ത് എന്ന് മനസിലാക്കണം. എന്നാല്‍ അപ്പോഴും കോണ്‍ഗ്രസ് വോട്ട് ബാങ്ക് രാഷ്‌ട്രീയവുമായി മുന്നോട്ട് പോവുകയാണ് ചെയ്തതെന്നും വോട്ട് ബാങ്ക് നിങ്ങളെ നിസഹായരാക്കിയിരിക്കുന്നുവെന്നും മോദി വിമര്‍ശിച്ചു.
Discussion about this post