കൊച്ചി: കേരള സ്‌റ്റോറി സിനിമ പ്രദര്‍ശനം തടയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നിലപാട് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. വിഷയത്തില്‍ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭിപ്രായം ചോദിച്ചിരുന്നു. സിനിമ റിലീസ് ചെയ്തിട്ട് ഒരു വര്‍ഷം കഴിഞ്ഞെന്നും, സമൂഹമാദ്ധ്യമങ്ങളിലും ഒടിടി പ്ലാറ്റ്‌ഫോമിലുമെല്ലാം സിനിമ ആര്‍ക്കും കാണാന്‍ കഴിയുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
സിനിമ 2023 ല്‍ പുറത്തു വന്നതാണെന്നും ഇപ്പോള്‍ ഒടിടി പ്ലാറ്റ്‌ഫോമിലും ചാനലുകളിലും സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നും നേതാക്കളുടേയോ ജീവചരിത്രമോ പറയുന്ന സിനിമയല്ല അതിനാല്‍ പ്രദര്‍ശനം തടയേണ്ട സാഹചര്യമില്ലെന്ന് ഇലക്ഷന്‍ കമ്മീഷന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ളതാണ് സിനിമയുടെ പ്രദര്‍ശനമെന്നും തെറ്റായ വിവരങ്ങള്‍ സിനിമയില്‍ ഉപയോഗിക്കുന്നതായും കാണിച്ചുള്ള പൊതുതാല്‍പ്പര്യ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടപെടല്‍.

