കൽപറ്റ: സുഗന്ധഗിരി മരം മുറി കേസിൽ വനം ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര കണ്ടെത്തൽ. 18 വനം വകുപ്പ് ഉദ്യോഗസ്ഥർക്കു ഗുരുതരമായ പിഴവുകൾ പറ്റിയതായി അന്വേഷണ റിപ്പോർട്ട്. ഡിഎഫ്ഒ ഷജ്ന കരീം, റേഞ്ച് ഓഫിസർ കെ.നീതു, ഫ്ളയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ എം.സജീവൻ എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് അന്വേഷണ റിപ്പോർട്ട്. കൽപറ്റ സെക്‌ഷൻ ഓഫിസർ കെ.കെ.ചന്ദ്രൻ, വാച്ചർ ജോൺസൺ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ സജി പ്രസാദ്, എം.കെ.വിനോദ് കുമാർ, ബാലൻ എന്നിവർ നിലവിൽ സസ്പെൻഷനിലാണ്.
കൽപറ്റ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ സി.എസ്.വിഷ്ണു, പി.സിയാദ് ഹസ്സൻ, നജീബ്, ഐ.വി.കിരൺ, കെ.എസ്.ചൈതന്യ, കൽപറ്റ സെക്‌ഷൻ ഫോറസ്റ്റ് വാച്ചർമാരായ ആർ.വിൻസന്റ്, പി.ജി.വിനീഷ്, കെ.ലക്ഷ്മി, എ.എ.ജാനു, കൽപറ്റ ഫ്ളയിങ് സ്ക്വാഡ് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ബീരാൻ കുട്ടി എന്നിവരെയാണു കുറ്റക്കാരായി കണ്ടെത്തിയ മറ്റു പത്തുപേർ. ഇവർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാൻ വനം സെക്രട്ടറിയെ ചുമതലപ്പെടുത്തി. കേസിൽ 9 പേർ നേരത്തേ അറസ്റ്റിലായിരുന്നു. വനം ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയതായി വ്യക്തമായതിനെ തുടർന്ന് ഒരാളെക്കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തും.
Discussion about this post