വടകര: വ്യാജപ്രചാരണങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫ് വടകര സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയുടെ അറിവോടെയാണ് തനിക്കെതിരെയുള്ള സൈബര്‍ ആക്രമണം നടക്കുന്നതെന്ന് പരാതിയിൽ പറയുന്നു. കെ.കെ ശൈലജയുടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്തും സംഭാഷണം എഡിറ്റു ചെയ്തും വ്യാപകമായി വ്യാജ പ്രചരണം നടത്തുന്നുവെന്നും, വ്യാജ പ്രചരണവുമായി ബന്ധപ്പെട്ട പരാതി പോലീസിന് സമര്‍പ്പിച്ചിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും പരാതിയിൽ ആരോപിക്കുന്നു.
മതപണ്ഡിതന് എ. പി. അബൂബക്കര്‍ മുസ്ലിയാരുടെ വ്യാജ ലെറ്റര്‍പാഡ് ഉപയോഗിച്ച് അപമാനിക്കാന്‍ ശ്രമം നടക്കുന്നു. ലവ് ജിഹാദുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞതെന്ന പേരില്‍ മാതൃഭൂമി ഓണ്‍ലൈനിന്റെ പേരില്‍ വ്യാജവാര്‍ത്താ കാര്‍ഡ് പുറത്തിറക്കി. ഇത്തരം ഒരു പ്രസ്താവന പരാതിക്കാരി നടത്തിയിട്ടില്ലെന്നും മാതൃഭൂമി ഓണ്‍ലൈന്‍ ഇപ്രകാരം കാര്‍ഡ് ഇറക്കിയിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. സെമിനാറില്‍ നടത്തിയ പ്രസംഗം വളച്ചൊടിച്ചും ചിലഭാഗങ്ങള്‍ ദുഷ്ടലാക്കോടെ അടര്‍ത്തിമാറ്റിയും വ്യാജ പ്രചരണം നടത്തുന്നുവെന്നും പരാതിയിൽ പറയുന്നു.
Discussion about this post