ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ നിന്ന് ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലെ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ജീവനക്കാരെ തടഞ്ഞുവെച്ചിട്ടില്ലെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡര്‍ ഇറാജ് എലാഹി. നിലവിൽ പേർഷ്യൻ കടലിലെ കാലാവസ്ഥ മോശമാണെന്നും അതിനാൽ കപ്പലിന് തുറമുഖത്ത് നങ്കൂരമിടാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ പ്രശ്നം തീർന്ന് കപ്പൽ നങ്കൂരമിട്ടാൽ ഇന്ത്യക്കാരെ നാട്ടിലേക്ക് മടക്കി അയക്കാൻ നടപടി തുടങ്ങുമെന്നും ഇറാൻ അംബാസഡര്‍ വ്യക്തമാക്കി.
നാലു മലയാളികൾ ഉൾപ്പെടെ 17 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. ഇന്ത്യക്കാരെ കാണാൻ ഇന്ത്യൻ സംഘത്തിന് ഇറാൻ അനുമതി നൽകിയിരുന്നു. എന്നാൽ മോശം കാലാവസ്ഥ കാരണം ഇവർക്ക് കപ്പലിന് അടുത്തേക്ക് എത്താനായില്ലെന്നാണ് വിവരം. മോശം കാലാവസ്ഥ കാരണം കപ്പൽ തീരത്ത് അടുപ്പിക്കാനോ കപ്പലിനടുത്തേക്കു ബോട്ട് അയയ്ക്കാനോ സാധിച്ചിട്ടില്ല.
കപ്പലിലെ ഇന്ത്യക്കാരുമായി എംബസി അധികൃതരുടെ കൂടിക്കാഴ്ച്ച ഇന്ന് നടന്നേക്കുമെന്നാണ് കരുതുന്നത്. ജീവനക്കാരുമായി കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മോചനം സംബന്ധിച്ച വിഷയത്തിൽ വ്യക്തതയുണ്ടാകും. ഇതിനിടെ കപ്പലിലെ പാക് പൗരന്മാരെ വിട്ടയക്കുമെന്ന് പാക് വിദേശകാര്യ മന്ത്രാലയത്തെ ഇറാൻ അറിയിച്ചു. കപ്പലിലുള്ള നാല് ഫിലിപ്പീൻസ് പൗരന്മാരെയും ഉടൻ മോചിപ്പിക്കും.
കടൽനിയമങ്ങൾ ലംഘിച്ചെന്ന് ആരോപിച്ചാണ് ഏപ്രിൽ 13ന് കപ്പൽ ഇറാൻ പിടിച്ചെടുത്തത്. ഇസ്രയേലുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി. ഇസ്രയേലി ശതകോടീശ്വരന്റെ ഉടമസ്ഥതയിലുള്ളതാണ് ഇറാൻ പിടിച്ചെടുത്ത എംഎസ്‌സി ഏരിസ് എന്ന ചരക്കുകപ്പൽ.
Discussion about this post