കൊച്ചി: ബലാത്സംഗ കേസിൽ പ്രതിയായ സിഐ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് സിഐ സൈജു എം വിയാണ് ആത്മഹത്യ ചെയ്‌തത്. എറണാകുളം KSRTC സ്റ്റാൻഡിന് സമീപം, അംബേദ്കർ സ്റ്റേഡിയത്തിന് പരിസരത്തെ മരത്തിലാണ് സൈജുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയാണ് ഇയാൾ.
2019ൽ മലയിൻകീഴ് സ്റ്റേഷനിൽ തന്നെ എസ്ഐ ആയിരുന്ന സൈജു വീടിന്റെ വാടകയുമായി ബന്ധപ്പെട്ട് പരാതി നൽകാൻ എത്തിയ വനിതാ ഡോക്ടറുമായി അടുപ്പത്തിലാകുകയായിരുന്നു. ഇത് മുതലെടുത്ത് പീഡിപ്പിക്കുകയും ലക്ഷങ്ങൾ കൈക്കലാക്കുകയും ചെയ്തു എന്നാണ് ഡോക്ടറുടെ പരാതി. തിരുവനന്തപുരം മലയിൻകീഴ് സ്റ്റേഷനിൽ എസ്‌ഐ ആയിരിക്കുമ്പോഴാണ് സൈജു കേസിൽപ്പെടുന്നത്. വ്യാജരേഖ സമർപ്പിച്ച് ഇയാൾ ജാമ്യം നേടിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യാൻ നീക്കം ഊർജ്ജിതമാക്കിയതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്.

