ന്യൂഡല്‍ഹി: ആക്രമണകാരികളായ ഇരുപത്തിമൂന്നിനം വിദേശ നായകളുടെ ഇറക്കുമതി, വിൽപ്പന, പ്രജനനം എന്നിവ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. പിറ്റ്ബുള്‍ ടെറിയര്‍, അമേരിക്കന്‍ ബുള്‍ഡോഗ്, റോട്ട്വീലര്‍ തുടങ്ങി 23- ഇനം നായകളുടെ ഇറക്കുമതിയും, വില്‍പ്പനയുമാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. വിശദമായ കൂടിയാലോചനകള്‍ നടത്താതെയാണ് കേന്ദ്രം നിരോധന ഉത്തരവ് പുറപ്പെടുവിച്ചത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇടപെടല്‍. ഡല്‍ഹി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്റെ അധ്യക്ഷതയിലുള്ള ഡിവിഷന്‍ ബെഞ്ചാണ് കേന്ദ്ര ഉത്തരവ് റദ്ദാക്കിയത്.
അപകടകാരികളായ നായകളെ നിരോധിക്കണം എന്ന ആവശ്യത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം നിരോധന ഉത്തരവ് പുറത്തിറക്കിയിരുന്നത്. എന്നാല്‍ ഉത്തരവ് പുറത്തിറക്കുന്നതിന് മുമ്പ് എല്ലാ വിഭാഗങ്ങളുമായി കൂടിയാലോചന നടന്നില്ല എന്നാത് ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയിരിക്കുന്നത്. എല്ലാ നായ ഉടമകളുടെയും അഭിപ്രായം ആരായാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍ ഔദ്യോഗിക വെബ് സൈറ്റിലൂടെയും, മാധ്യമങ്ങളിലൂടെയും പൊതുജനങ്ങളുടെ അഭിപ്രായം സര്‍ക്കാരിന് തേടാമായിരുന്നുവെന്നും ഹൈക്കോടതി പറഞ്ഞു. നടപടി ക്രമങ്ങള്‍ പാലിച്ച് കേന്ദ്രത്തിന് പുതിയ നിരോധന ഉത്തരവ് പുറത്തിറക്കാം എന്നും ഹൈക്കോടതി വ്യക്തമാക്കി.
Discussion about this post