ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നതിന് പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങുന്നതിലെ അപാകങ്ങള്‍ ചൂണ്ടിക്കാട്ടി സുപ്രീംകോടതി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുമ്പോള്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനൊപ്പം 100 ശതമാനം വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ രസീതുകള്‍ കൂടി എണ്ണണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള ഹര്‍ജികൾ പരിഗണിക്കവേയായിരുന്നു സുപ്രീംകോടതിയുടെ പരാമർശം. വിദേശരാജ്യങ്ങൾ ഉദാഹരണമാക്കി നമ്മുടെ രാജ്യത്ത് പ്രാവര്‍ത്തികമാക്കാനാകില്ലെന്നും ജസ്റ്റിസ് ദീപാങ്കര്‍ ദത്ത കൂട്ടിച്ചേര്‍ത്തു.
പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങിയ ജര്‍മനിയുടെ ഉദാഹരണം ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ജസ്റ്റിസ് ദീപാങ്കര്‍ ദത്തയുടെ രൂക്ഷമായ പ്രതികരണം. ജര്‍മനിയിലെ ജനസംഖ്യയാണോ രാജ്യത്തുള്ളതെന്ന് ജസ്റ്റിസ് ചോദിച്ചു. രാജ്യത്തെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പ് വളരെ വലിയൊരു പ്രക്രിയയാണ്. ജർമനിയും മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്താനാകില്ല. ജർമനിയേക്കാൾ വലിയ ജനസംഖ്യ ചെറിയൊരു സംസ്ഥാനമായ ബംഗാളിലുണ്ടെന്നും ജസ്റ്റിസ് ദീപാങ്കര്‍ ദത്ത വ്യക്തമാക്കി.
പേപ്പർ ബാലറ്റിലേക്ക് മടങ്ങുന്നതുൾപ്പെടെ വി.വി.പാറ്റ് ഗ്ലാസ് പുറത്ത് നിന്നും വ്യക്തമായി കാണാൻ സാധിക്കുന്നതായിരിക്കണം, കൂടാതെ, വി.വി.പാറ്റ് സ്ലിപ്പുകൾ വോട്ടർമാർക്ക് നൽകണം എന്നിങ്ങനെ വോട്ടിങ് പ്രക്രിയ കൂടുതൽ സുതാര്യമാക്കുന്നതിനായി മൂന്ന് നിർദേശങ്ങളായിരുന്നു പ്രശാന്ത് ഭൂഷൺ കോടതിയുടെ മുന്നിൽ അവതരിപ്പിച്ചത്.
Discussion about this post