അബുദാബി: യുഎഇയില്‍ പെയ്തത് റെക്കോര്‍ഡ് മഴ. കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴയാണ് തിങ്കളാഴ്ച മുതല്‍ ചൊവ്വ രാത്രി വരെ രാജ്യത്ത് ലഭിച്ചത്. അല്‍ ഐനിലെ ഖതം അല്‍ ഷക്ല പ്രദേശത്താണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. 24 മണിക്കൂറിനുള്ളില്‍ 254.8 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
അതിശക്തമായ മഴയാണ് യുഎഇയില്‍ കഴിഞ്ഞ മണിക്കൂറുകളില്‍ ലഭിച്ചത്. മഴക്കെടുതിയിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായത്. റാസൽഖൈമ വാദിയിൽ കാർ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിക്കുകയും ചെയ്തു. എമിറേറ്റിന്റെ തെക്കൻ പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന വാദി ഇസ്‌ഫ്‌നിയിലേക്ക് വാഹനവുമായി കടക്കാൻ ശ്രമിച്ച 40 വയസ്സുകാരനാണ് മരിച്ചത്. പലയിടങ്ങളിലും മഴയ്ക്കൊപ്പം ഇടിമിന്നലും ആലിപ്പഴ വർഷവുമുണ്ടായതായാണ് റിപ്പോർട്ട്.
നിലവിൽ ദുബൈ, ഷാർജ, അജ്മാൻ, റാസൽഖൈമ തുടങ്ങി ഭൂരിഭാഗം നഗരങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ദുബൈ വിമാനത്താവളത്തിലെ നിരവധി വിമാന സർവിസുകൾ മഴ കാരണം റദ്ദാക്കി. രാജ്യത്തുടനീളം കനത്ത മഴയെത്തുടർന്ന് താഴ്‌വരയിലെ ജലനിരപ്പ് ഉയർന്നതാണ് വെള്ളപ്പൊക്കത്തിലേക്ക് നയിച്ചത്. അപകടകരമായ മഴയുള്ള കാലാവസ്ഥയിൽ ഇത്തരം പ്രദേശങ്ങളും താഴ്‌വരകളും സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ ആവർത്തിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Discussion about this post