ലഖ്‌നൗ: റോഡപകടങ്ങള്‍ കുറയ്ക്കാന്‍ പുതിയ തന്ത്രവുമായി ഉത്തര്‍പ്രദേശ് ഗതാഗത വകുപ്പ്. എല്ലാ വാണിജ്യ വാഹനങ്ങളുടെയും സംസ്ഥാന ബസുകളുടെയും ഡ്രൈവര്‍മാരോട് അവരുടെ കുടുംബത്തിന്റെ ചിത്രം ഡാഷ്‌ബോര്‍ഡില്‍ സൂക്ഷിക്കാന്‍ ഗതാഗത കമ്മീഷണര്‍ ചന്ദ്രഭൂഷണ്‍ സിങ് നിര്‍ദേശിച്ചു. ആന്ധ്രാപ്രദേശില്‍ നിന്നാണ് ഈ ആശയം ആശയം സ്വീകരിച്ചതെന്ന് ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി എല്‍ വെങ്കിടേശ്വര്‍ ലു പറഞ്ഞു.
ഡ്രൈവര്‍ക്ക് മുന്നില്‍ സ്വന്തം കുടുംബത്തിന്റെ ചിത്രം സൂക്ഷിക്കുമ്പോള്‍ വൈകാരികമായ ഓര്‍മകള്‍ ഉണ്ടാവുകയും റോഡ് സുരക്ഷയെക്കുറിച്ച് ചിന്തിക്കുകയും ചെയ്യും. ഡ്രൈവിങില്‍ കൂടുതൽ ശ്രദ്ധ പുലർത്തുമെന്നും ചന്ദ്രഭൂഷണ്‍ സിങ് വ്യക്തമാക്കി. സംസ്ഥാനത്ത് 2022 നെ അപേക്ഷിച്ച് വാഹനാപകടങ്ങൾ വര്‍ധിച്ചിട്ടുണ്ട്. 2022 ൽ 22,596 അപകടങ്ങളുണ്ടായപ്പോള്‍ 2023ല്‍ 23,652 അപകടങ്ങളാണുണ്ടായതത്. റോഡപകടങ്ങളില്‍ 4.7 ശതമാനമാണ് വര്‍ധനവുണ്ടായത്. ഇതില്‍ പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് ഗതാഗത വകുപ്പിന്റെ പുതിയ തീരുമാനം.

