റായ്പൂർ: ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 29 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു. 29 മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെത്തിയതായി സുരക്ഷാ സേന അറിയിച്ചു. തലയ്ക്ക് 25 ലക്ഷം വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് ശങ്കർ റാവുവും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്നാണ് സൂചന. ബസ്തർ മേഖലയിൽ നടന്ന ഏറ്റവും വലിയ നക്സൽ വിരുദ്ധ ഓപ്പറേഷനാണ് ഇന്ന് നടന്നതെന്ന് ഐ ജി പി. സുന്ദർ രാജ് പറഞ്ഞു. ഇവരുടെ പക്കൽ നിന്നും എകെ47 തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ജില്ലാ റിസർവ് ഗാർഡിൻ്റെയും ബോർഡർ സെക്യൂരിറ്റി ഫോഴ്സിൻ്റെയും (ബിഎസ്എഫ്) സംയുക്ത സംഘമാണ് കാങ്കർ ജില്ലയിലെ ബിനഗുണ്ട ഗ്രാമത്തിനടുത്തുള്ള വനത്തിൽ മാവോയിസ്റ്റുകളെ നേരിട്ടത്. പട്രോളിങ് സംഘം പ്രദേശം വളയുന്നതിനിടെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ സേന പ്രത്യാക്രമണം നടത്തുകയായിരുന്നു. മാവോയിസ്റ്റ് നേതാക്കളായ ശങ്കർ റാവു, ലളിത, രാജു എന്നിവർ മേഖലയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷനെന്നും മേഖലയിൽ തെരച്ചിൽ തുടരുകയാണെന്നും ഐ ജി വ്യക്തമാക്കി. കൊല്ലപ്പെട്ട മറ്റുള്ളവരുടെ പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
Discussion about this post