കൊച്ചി: മാസപ്പടി കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തയെ വീട്ടിലെത്തി ചോദ്യം ചെയ്ത് ഇഡി. 45 മിനിറ്റോളം ചോദ്യം ചെയ്യൽ നീണ്ടുനിന്നു. ഇന്നലെ ഹാജരാകണമെന്നു കാട്ടി ഇ.ഡി സമൻസ് നൽകിയിരുന്നെങ്കിലും ശശിധരൻ കർത്ത ഹാജരായിരുന്നില്ല. തുടർന്നാണ് ഇഡി ആലുവയിലെ വീട്ടിൽ നേരിട്ടെത്തിയത്. വീട്ടിൽ നിന്ന് ചില രേഖകൾ ഇഡി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്ക് 1.30യോടെയാണേ് ഇഡി ഉദ്യോഗസ്ഥർ ആലുവയിലെ ശശിധരന്റെ വീട്ടിലെത്തിയത്. സിഎംആർഎൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്ന വേളയിൽ തന്നെ കർത്തയെ ചോദ്യം ചെയ്യാൻ ഇ ഡി നേരത്തെ നോട്ടീസ് നൽകിയിരുന്നുവെങ്കിലും ഹാജരാകാൻ തയാറായിരുന്നില്ല. ആദ്യ സമൻസിൽ ആരോഗ്യപ്രശ്നങ്ങൾ ചൂട്ടിക്കാട്ടിയായിരുന്നു ഹാജരാകാതിരുന്നത്. ഇതിനെ തുടർന്നാണ് ഇഡി ഉദ്യോഗസ്ഥർ വീട്ടിലെത്തിയത്.
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. സിഎംആർഎൽ -എക്സാലോജിക് സാമ്പത്തിക ഇടപാട് രേഖകൾ ഉദ്യോഗസ്ഥരിൽ നിന്നും ഇഡി തേടിയിരുന്നു.
Discussion about this post