കൊല്‍ക്കത്ത: വിവാദങ്ങള്‍ക്ക് പിന്നാലെ പശ്ചിമബംഗാളിലെ സിലിഗുഡി സഫാരി പാര്‍ക്കിലെ സിംഹങ്ങള്‍ക്ക് പുതിയ പേര് ശുപാര്‍ശ ചെയ്ത് ബംഗാള്‍ സര്‍ക്കാര്‍. അക്ബര്‍ എന്ന് പേരിട്ടിരുന്ന സിംഹത്തിന് സൂരജ് എന്നും സീത എന്ന് പേരിട്ടിരുന്ന സിംഹത്തിന് തനയ എന്ന് പേരുകൾ മാറ്റാനാണ് നിര്‍ദേശം. ശുപാര്‍ശ കേന്ദ്ര മൃഗശാല അതോറിറ്റിക്ക് ബംഗാള്‍ സര്‍ക്കാര്‍ കൈമാറി. കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് പേര് മാറ്റം.
ഫെബ്രുവരി 13-നാണ് ത്രിപുരയിലെ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നും സിംഹങ്ങളെ ബംഗാളിലെ സിലിഗുരി പാര്‍ക്കിലേക്ക് കൊണ്ടുവന്നത്. സീതയെയും അക്ബറിനെയും ഒരു കൂട്ടില്‍ താമസിപ്പിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചത് ചോദ്യം ചെയ്തുകൊണ്ടാണ് വിഎച്ച്പി ബംഗാള്‍ ഘടകം കല്‍ക്കട്ട ഹൈക്കോടതിയുടെ ജയ്പാല്‍ഗുരി സര്‍ക്യൂട്ട് ബെഞ്ചിനെ സമീപിച്ചത്. തുടർന്ന് വിവാദമായ പേരുകള്‍ ഒഴിവാക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതിയുടെ ജല്‍പായ്ഗുരി സര്‍ക്യൂട്ട് ബെഞ്ച് നിര്‍ദേശിക്കുകയായിരുന്നു.
ത്രിപുരയിലെ സെപാഹിജാല സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നാണ് രണ്ട് സിംഹങ്ങളെയും കൊണ്ടുവന്നത്. ഇവരുടെ പേര് നേരത്തെ തന്നെ സീതയും അക്ബറും ആയിരുന്നുവെന്നും തങ്ങള്‍ അത് മാറ്റിയിട്ടില്ലെന്നും വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
Discussion about this post