ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കമായി. രാവിലെ ഏഴു മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലേക്കാണ് ഇന്ന് ജനങ്ങൾ സമ്മതിദാനം രേഖപ്പെടുത്തുക. അരുണാചൽപ്രദേശ്, സിക്കിം എന്നിവിടങ്ങളിലായി 92 നിയമസഭാ സീറ്റിലേക്കും ഇന്ന് വോട്ടെടുപ്പു നടക്കും.വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്.
1.87 ലക്ഷം പോളിങ്‌സ്റ്റേഷനുകളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. 16.63 കോടി വോട്ടർമാർ സമ്മതിദാനാവകാശം ഇന്ന് വിനിയോഗിക്കും. എട്ടു കേന്ദ്രമന്ത്രിമാർ, രണ്ട് മുൻ മുഖ്യമന്ത്രിമാർ, ഒരു മുൻ ഗവർണർ എന്നിവരടക്കം 1625 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. തമിഴ്‌നാട്ടിലെ മുഴുവന്‍ സീറ്റിലും ആദ്യഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പുതുച്ചേരിയിലും ലക്ഷദ്വീപിലുമുള്ള ഓരോ സീറ്റുകളിലും ഇന്നു വോട്ടെടുപ്പ് നടക്കും.
തമിഴ്‌നാട് (39), ഉത്തരാഖണ്ഡ് (5), ബിഹാര്‍ (4), മധ്യപ്രദേശ് (6), മഹാരാഷ്ട്ര (5), രാജസ്ഥാന്‍ (12), ത്രിപുര (1), ഉത്തര്‍പ്രദേശ് (8), പശ്ചിമബംഗാള്‍ (3), ജമ്മു കശ്മീര്‍ (1), അരുണാചല്‍ പ്രദേശ് (2), മണിപ്പൂര്‍(2), മേഘാലയ(2), മിസോറാം (1), നാഗാലാന്‍ഡ് (1), സിക്കിം (1) എന്നീ സംസ്ഥാനങ്ങളിലും, ലക്ഷദ്വീപ്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളും അടക്കം 102 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതുന്നത്. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 102 സീറ്റുകളില്‍ 2019ല്‍ എന്‍ഡിഎ 51 സീറ്റിലും ഇന്ത്യ സഖ്യത്തിലെ കക്ഷികള്‍ 48 സീറ്റിലും മറ്റുള്ളവര്‍ മൂന്ന് സീറ്റിലുമാണ് വിജയിച്ചത്. ഇത്തവണയും പകുതിയിലേറെ സീറ്റുകള്‍ നേടാമെന്ന പ്രതീക്ഷയിലാണ് ഇരുപക്ഷവും.വോട്ടെടുപ്പിന് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

