തൃശൂർ: പൂരാവേശത്തിൽ തൃശൂർ. 36 മണിക്കൂര്‍ നീളുന്ന പൂര പരിപാടികള്‍ കാണാന്‍ പത്ത് ലക്ഷത്തിലേറെ ആളുകളാണ് തേക്കിന്‍കാട് മൈതാനിയിലും തൃശൂര്‍ നഗരഹൃദയത്തിലുമായി തടിച്ചുകൂടുന്നത്. ഇന്നലെ എറണാകുളം ശിവകുമാറിന്റെ പുറത്തേറിയ നെയ്തലക്കാവ് ഭഗവതി തെക്കേ ഗോപുരനട തുറന്ന് പൂരവിളംബരം നടത്തി. കേരളത്തിലെ പ്രമുഖരായ ഗജവീരന്മാർ, താള വാദ്യ രംഗത്തെ കുലപതിമാർ, പ്രൗഢ ഗംഭീരമായ കരിമരുന്നു പ്രയോഗം, ഒപ്പം കാണികളുടെ അതിശയിപ്പിക്കുന്ന പങ്കാളിത്തവും കൂടെ ചേരുമ്പോൾ പൂരം ആവേശത്തിലാറാടുകയാണ്.
പത്ത് ക്ഷേത്രങ്ങളാണ് തൃശൂർ പൂരത്തിൽ സംബന്ധിക്കുന്നത്. ഇതിലെ രണ്ട് പ്രധാന പങ്കാളി ക്ഷേത്രങ്ങളാണ് പാറമേക്കാവും-തിരുവമ്പാടിയും. പൂരദിനത്തിൽ ഏറ്റവും ആദ്യം വടക്കുംനാഥ സന്നിധിയിലെത്തുന്നത് കണിമംഗലം ശാസ്താവാണ്. നെയ്തലക്കാവിലമ്മ തുറന്നിട്ട തെക്കേ ഗോപുരനട വഴിയെത്തുന്ന ഏക ഘടക പൂരവും കണിമംഗലം ശാസ്താവിന്റേതാണ്. പുലർച്ചെ അഞ്ചിന് ആരംഭിക്കുന്ന ശാസ്താവിന്റെ പൂരം വെയിലേൽക്കുന്നതിന് മുമ്പ് അഞ്ച് ആനകളോടെ വടക്കുംനാഥനെ വണങ്ങി പടിഞ്ഞാറെ നടവഴി ഇറങ്ങുന്നു. ഇതിനു ശേഷം മറ്റു ഏഴ് ഘടകപൂരങ്ങളും ഒന്നിനും പുറകെ ഒന്നായി നിശ്ചിത സമയക്രമത്തിൽ പൂരപ്പറമ്പിലേക്ക്എത്തും.
കോങ്ങാട് മധുവിന്റെ പ്രാമാണികത്വത്തിൽ ബ്രഹ്മസ്വം മഠത്തിൽ നിന്നും തിരുവമ്പാടിയുടെ അതി പ്രശസ്തമായ മഠത്തിൽ വരവ് പഞ്ചവാദ്യം 11 മണിക്ക് ആരംഭിക്കും. 250 ഓളം വാദ്യകലാകാരന്മാരെ അണിനിരത്തി അത്ഭുതം സൃഷ്ടിക്കുന്ന ഇലഞ്ഞിത്തറമേളത്തിന് കിഴക്കൂട്ട് അനിയൻമാരാർ പ്രാമാണികനാകും. സാന്ധ്യശോഭയോടൊപ്പമുള്ള കുടമാറ്റത്തിന് ശേഷം രാത്രി, പൂരങ്ങളുടെ ആവർത്തനമാണ്. പുലർച്ചെ മൂന്നിനാണ് വെടിക്കെട്ട്.
Discussion about this post