പാലക്കാട്: കേരളത്തിലെ ആദ്യ ഡബിൾ ഡെക്കർ ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരം. സർവീസ് പാലക്കാട്ടേക്ക് നീട്ടുന്നതിന്റെ ഭാഗമായി നടത്തിയ പരീക്ഷണ ഓട്ടമാണ് വിജയകരമായി പൂർത്തിയാക്കിയത്. ഇന്നലെ രാവിലെ എട്ടോടെ കോയമ്പത്തൂരിൽ നിന്നും പരീക്ഷണയോട്ടം ആരംഭിച്ചത്. പൊള്ളാച്ചിയിലൂടെ 11.05-ന് പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലും 11.10-ന് പാലക്കാട് ജംഗ്ഷനിലും എത്തിയ ട്രെയിൻ 1.20-നാണ് മടക്കയാത്ര ആരംഭിച്ചത്. 3.45-ഓടെ കോയമ്പത്തൂരിലെത്തി. സേലം, പാലക്കാട് ഡിവിഷനുകൾ ഉൾപ്പെടുത്തിയാണ് പരീക്ഷണ ഓട്ടം നടത്തിയത്.
എസി ഇരുനില ട്രെയിനുകളാണ് ഡബിൾ ഡെക്കർ. സാധാരണ ട്രെയിനുകളെ അപേക്ഷിച്ച് രണ്ടടി വരെ ഉയരം കൂടുതലാണ് ഈ ട്രെയിനിന്. കാലുകൾ നീട്ടി വയ്ക്കാൻ സാധിക്കുന്ന വിധത്തിലാണ് ട്രെയിനിന്റെ രൂപകൽപ്പന. 12 മുതൽ 16 കോച്ചുകൾ വരെയാണ് ട്രെയിനിന് ഉള്ളത്. നിലവില്‍ ബംഗളൂരുവില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തുന്ന ഉദയ് ഡബിള്‍-ഡെക്കര്‍ എ.സി ചെയര്‍കാര്‍ സൂപ്പര്‍ഫാസ്റ്റ് സര്‍വീസാണ് വാളയാര്‍ ഒഴിവാക്കി പൊള്ളാച്ചി വഴി പാലക്കാട്ടേക്ക് നീട്ടുക.
Discussion about this post