ഡൽഹി: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ സീറ്റുകൾ ഇത്തവണ ബിജെപി നേടുമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ദനും സൈഫോളജിസ്റ്റുമായ സുർജിത് ഭല്ല. ബി ജെ പിക്ക് 330 മുതൽ 350 വരെ സീറ്റുകൾ ലഭിച്ചേക്കുമെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. തമിഴ്നാട്ടില്‍ ഉള്‍പ്പെടെ ബിജെപി നേട്ടം ഉണ്ടാക്കുമെന്നും ദേശിയ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്.
‘കണക്കുകള്‍ പരിശോധിക്കുമ്പോള്‍ അവർക്ക് 330 മുതൽ 350 വരെ സീറ്റുകൾ സ്വന്തമായി ലഭിക്കാം. സഖ്യകക്ഷികളെ ഉൾപ്പെടുത്താതെയുള്ള കണക്കാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പ്രചാരണം നടത്തുന്ന ബി ജെ പിക്ക് 2019ലെ ഫലവുമായി താരതമ്യം ചെയ്യുമ്പോൾ 5 മുതൽ 7 ശതമാനം വരെ സീറ്റുകൾ അധികമായി ലഭിച്ചേക്കും’ അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന് ഇത്തവണയും വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ സാധിക്കില്ലെന്നും പാർട്ടിക്ക് 44 സീറ്റുകൾ മാത്രമായിരിക്കും ലഭിക്കുകയെന്നും സുർജിത് ഭല്ല പറയുന്നു. അല്ലെങ്കിൽ 2014 ലെ തിരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ 2 ശതമാനം കുറവ് സീറ്റായിരിക്കും കോണ്‍ഗ്രസിന് നേടാന്‍ സാധിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പരമ്പരാഗതമായി ബി ജെ പി ദുർബലമായ തമിഴ്‌നാട്ടിലും കേരളത്തിലും ബി ജെ പി ഇത്തവണ സീറ്റുകള്‍ നേടുമെന്നും അദ്ദേഹം പ്രവചിച്ചു. തമിഴ്‌നാട്ടിൽ ബിജെപി അഞ്ചിൽ കൂടുതൽ സീറ്റുകൾ നേടിയാൽ അത്ഭുതപ്പെടാനില്ലെന്നും. കേരളത്തിൽ ഒന്നോ രണ്ടോ സീറ്റുകളും നേടിയേക്കാമെന്നും ഭല്ല പറഞ്ഞു.
Discussion about this post