ന്യൂഡൽഹി: ഇ.ഡിയും സി.ബി.ഐയും ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്ന പ്രതിപക്ഷ വിമർശനം തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇ.ഡിയും സി.ബി.ഐയും ചെയ്യുന്നത് അവരുടെ ജോലിയാണ്. അതിനെ തടയാനോ സ്വാധീനിക്കാനോ പാടില്ലെന്ന്
അദ്ദേഹം പറഞ്ഞു. ഒരു ചാനൽ അഭിമുഖത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.
ട്രെയിനിലെ ടിക്കറ്റ് പരിശോധകനോട് നിങ്ങളെന്തിനാണ് ടിക്കറ്റ് പരിശോധിക്കുന്നതെന്ന് ചോദിക്കുമോ, അത് അവരുടെ ചുമതലയാണ്, അത് പോലെ തന്നെ ഇ.ഡിയും അവരുടെ ചുമതലയാണ് നിർവഹിക്കുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 2014ന് മുമ്പ് ഇ.ഡി 1,800 കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അക്കാലത്ത് ഇ.ഡി ഉറങ്ങുകയായിരുന്നു. ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്ന ശേഷം 5,000ലധികം കേസുകൾ ഇ.ഡി എടുത്തു. അത് അവരുടെ കാര്യക്ഷമതയെ വ്യക്തമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
2014ന് മുമ്പ് 5,000 കോടി രൂപ മൂല്യമുള്ള വസ്തുക്കളാണ് ഇ.ഡി കണ്ടുകെട്ടിയതെങ്കിൽ 2014ന് ശേഷം 1.24 ലക്ഷം കോടിയുടെ വസ്തുക്കൾ കണ്ടുകെട്ടിയിട്ടുണ്ട്. ഇത്രയും കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഏജൻസിയെ എന്തിനാണ് വിമർശിക്കുന്നതെന്ന് മോദി ചോദിച്ചു.
Discussion about this post