ന്യൂഡൽഹി: മാലദ്വീപിൽ ഇന്ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്. പ്രസിഡന്റ് മൊഹമ്മദ് മുയിസുവിന്റെ ഇന്ത്യാവിരുദ്ധ നിലപാടുകളുടെ ഫലനിര്‍ണയവേള കൂടിയാകും ഇന്നത്തെ തിരഞ്ഞെടുപ്പ്. മുഖ്യപ്രതിപക്ഷ പാര്‍ട്ടിയും ഇന്ത്യ അനുകൂല നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നവരുമായ മാലിദീവിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഭൂരിപക്ഷം നേടുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നതായി ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കാലങ്ങളായി ഇന്ത്യയോടു ചേര്‍ന്നു നില്‍ക്കുന്ന വിദേശനയമായിരുന്നു മാലദ്വീപിന്റെ എന്നാല്‍ മുയിസു അധികാരത്തിലെത്തിയതിന് പിന്നാലെ ഇന്ത്യാവിരുദ്ധവും ചൈനീസ് അനുകൂലവുമായ നയങ്ങള്‍ സ്വീകരിച്ചിരുന്നു. ഏകദേശം 2,85,000 മാലദ്വീപ് പൗരന്മാരാണ് ഇന്ന് വോട്ട് രേഖപ്പെടുത്തുക. ഫലം തൊട്ടടുത്ത ദിവസം പുറത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുയിസു കടുത്ത ഇന്ത്യാവിരുദ്ധനിലപാടുകൾ സ്വീകരിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ പ്രേശ്നങ്ങൾ ഉണ്ടാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനവുമായി ബന്ധപ്പെട്ട് മാലദ്വീപിലെ മൂന്നുമന്ത്രിമാർ നടത്തിയ അധിക്ഷേപ പരാമർശങ്ങളും ബന്ധം വഷളാക്കി. മാലദ്വീപ് ഭരണാധികാരികൾ അധികാരമേറ്റാൽ ആദ്യം സന്ദർശിക്കുന്ന രാജ്യം ഇന്ത്യ ആയിരുന്നു. ഈ കീഴ്‌വഴക്കവും മുയിസു തെറ്റിച്ചു. യുഎഇ സന്ദർശനത്തിനുപിന്നാലെ ചൈനയിലേക്ക് മുയിസു പോയി. ചൈനയുമായി ഒട്ടേറെ വിഷയങ്ങളിൽ നിർണായക കരാറുകളുണ്ടാക്കുകയും ചെയ്തു.
Discussion about this post