തിരുവനന്തപുരം: തൃശ്ശൂർ പൂരം അലങ്കോലമാക്കാൻ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത്ത് അശോക് ശ്രമിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ്റെ അറിവോടെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ലോകത്തിന് മുമ്പിൽ കേരളത്തിൻ്റെ അഭിമാനമായ പൂരത്തെ തടയാൻ പൊലീസ് ശ്രമിച്ചിട്ടും ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി മറുപടി പറയാത്തത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. കുടമാറ്റത്തിനായി കൊണ്ടുവന്ന ശ്രീരാമ ഭഗവാൻ്റെ കുടകൾ തടഞ്ഞ സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ ഉടൻ നടപടിയെടുക്കണമെന്നും കെ സുരേന്ദ്രന്‍ അവശ്യപെട്ടു.
ഉന്നതതലത്തിൽ വളരെ ആസൂത്രിതമായ ഗൂഢാലോചനയാണ് നടന്നിരിക്കുന്നത്. അല്ലാതെ പൊലീസ് കമ്മീഷണർക്ക് ഒരിക്കലും ഇത്തരത്തിലൊരു നടപടിയെടുക്കാൻ കഴിയില്ല. ഇത്തവണത്തെ തൃശൂർ പൂരം അലങ്കോലമാക്കാൻ സർക്കാർ തന്നെ ഗൂഢാലോചന നടത്തിയെന്നതാണ് സത്യമെന്നും അദ്ദേഹം തുറന്നടിച്ചു. ശ്രീരാമസ്വാമിയുടെ ചിത്രം ഒരു ക്ഷേത്രത്തിൽ തടയുക എന്നത് നിസാരമായ കാര്യമല്ല.
ശ്രീരാമനെയും ഹിന്ദുക്കളെയും അപമാനിക്കുന്നത് പിണറായി സർക്കാർ ഒരു ശിലമാക്കി മാറ്റിയിരിക്കുകയാണ്. ആനകൾ വേണ്ടി കൊണ്ടുവന്ന പട്ട പോലും കൊണ്ടുപോവാൻ കമ്മീഷണർ അനുവദിച്ചില്ലായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Discussion about this post