ചെന്നൈ: ലോകചെസ്സിൽ ചരിത്ര നേട്ടവുമായി ഇന്ത്യയുടെ പതിനേഴുകാരനായ ഗ്രാൻഡ് മാസ്റ്റർ ഡി. ഗുകേഷ്. കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ കിരീടം നേടുന്ന പ്രായംകുറഞ്ഞ താരം എന്ന നേട്ടം ഗുകേഷ് സ്വന്തമാക്കി. ടൊറൻ്റോയിൽ നടന്ന അവസാന റൗണ്ട് മത്സരത്തിൽ ലോക മൂന്നാം നമ്പർ താരം അമേരിക്കയുടെ ഹിക്കാരു നക്കാമുറയെ സമനിലയിൽ തളച്ചാണ് നേട്ടം.9 പോയിന്റുമായി മുന്നിലെത്തിയാണ് ഗുകേഷ് ടൂർണമെൻര് ചാമ്പ്യനായത്.
ലോക ചാമ്പ്യന്റെ എതിരാളിയെ തീരുമാനിക്കാനായി പ്രധാന താരങ്ങൾ മത്സരിക്കുന്ന കാൻഡിഡെറ്റ്സിൽ, വിശ്വനാഥൻ ആനന്ദിനു ശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ വിജയിക്കുന്നത്. ഈ വർഷം അവസാനം നടക്കുന്ന ലോക ചാംപ്യൻഷിപ്പിൽ ചൈനയുടെ ഡിങ് ലിറനെ ഗുകേഷ് നേരിടും. ജയിച്ചാൽ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യൻ എന്ന ചരിത്ര നേട്ടം ഗുകേഷിന് സ്വന്തമാക്കാം.m വിശ്വനാഥൻ ആനന്ദ് അടക്കം പ്രമുഖർ ഗുകേഷിനെ അഭിനന്ദിച്ചു. ഗുകേഷിന്റെ നേട്ടത്തിൽ വ്യക്തിപരമായി ഏറെ സന്തോഷമെന്ന് ആനന്ദ് എക്‌സിൽ കുറിച്ചു.

