കൊച്ചി: ചലച്ചിത്ര സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ ‘ബിഹാര്‍ റോബിന്‍ഹുഡ്’ മുഹമ്മദ് ഇര്‍ഫാനെ കൊച്ചിയിലെത്തിച്ചു. ഇന്ന് രാവിലെ ഏഴരയോടെയാണ് കൊച്ചിയിലെത്തിച്ചത്. കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നാണ് ഇയാൾ പിടിയിലായത്. ജോഷിയുടെ വീടിൽ കയറുന്നതിന് മുമ്പ് പനമ്പിള്ളി നഗറിലെ മൂന്ന് വീടുകളില്‍ കൂടി ഇയാള്‍ മോഷണശ്രമം നടത്തിയിരുന്നതായി സിറ്റി പോലീസ് കമ്മീഷണര്‍ എസ്. ശ്യാംസുന്ദര്‍ അറിയിച്ചു. രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലായി 19-ഓളം മോഷണക്കേസുകളില്‍ പ്രതിയാണ് മുഹമ്മദ് ഇര്‍ഫാന്‍.
ഏപ്രില്‍ 20-ാം തീയതിയാണ് പ്രതി ബിഹാറില്‍നിന്ന് മോഷണം നടത്താനായി കൊച്ചിയിലെത്തിയത്. ബിഹാറില്‍നിന്ന് നേരിട്ട് കൊച്ചിയിലേക്ക് വരികയായിരുന്നു. കൊച്ചിയിലെ സമ്പന്നര്‍ താമസിക്കുന്ന മേഖലകള്‍ ഇയാള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത്തായി കമ്മീഷണര്‍ പറഞ്ഞു. തുടര്‍ന്ന് കൊച്ചി പനമ്പിള്ളി നഗറിലെത്തുകയും ജോഷിയുടെ വീട്ടില്‍ കയറി മോഷണം നടത്തുകയുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജോഷിയുടെ വീട്ടിലെ മോഷണത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നിര്‍ണായകമായത്. സിസിടിവി ദൃശ്യങ്ങളില്‍നിന്ന് ഒരു ഹോണ്ട അക്കോര്‍ഡ് കാര്‍ സംശയാസ്പദമായി കണ്ടെത്തി. തുടര്‍ന്ന് ഈ കാറിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് മോഷ്ടാവിലേക്ക് എത്തിയത്. ദൃശ്യങ്ങളില്‍നിന്ന് കാറിന്റെ നമ്പര്‍ പ്ലേറ്റ് ഉള്‍പ്പെടെ തിരിച്ചറിഞ്ഞു. എന്നാല്‍, സംഭവദിവസം ഉച്ചയോടെ കാര്‍ കാസര്‍കോട് അതിര്‍ത്തി വിട്ടതായി വിവരം കിട്ടി. ഇതോടെ കര്‍ണാടക പോലീസിന് വിവരം കൈമാറി. തുടര്‍ന്ന് കര്‍ണാടക പോലീസിന്റെ ഏകോപനത്തോടെ ഉഡുപ്പിയില്‍നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. തിരുവനന്തപുരത്ത് ഭീമ ജൂവലറി ഉടമയുടെ വീട്ടില്‍മോഷണം നടത്തിയ കേസിലും ഇയാള്‍ പ്രതിയാണ്.

