കോട്ടയം: കോട്ടയം മണിമലയില്‍ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പള്ളിക്കത്തോട് ആനിക്കോട് സ്വദേശി പി കെ സുമിത്താണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നു രാവിലെയായിരുന്നു മരണം. ഈ മാസം 13 ന് മദ്യം നല്കിയ ശേഷം സുഹൃത്തുക്കള്‍ ആസിഡ് ഒഴിക്കുകയായിരുന്നു.
സംഭവത്തിൽ സുമിത്തിനൊപ്പം വാടകയ്ക്ക് താമസിച്ചിരുന്ന ഇടുക്കി അയ്യൻകോവിൽ സ്വദേശി സാബു ദേവസ്യ, കൊടുങ്ങൂർ സ്വദേശി പ്രസീദ് എന്നിവരെ മണിമല പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുൻ വൈരാഗ്യത്തെ തുടർന്ന് ആസൂത്രിതമായ കൊലപാതകമാണെന്നാണ് പോലീസ് അറിയിച്ചു. 13-ാം തീയതി സുമിത്തിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കിസാബു പ്രതികൾ പൊന്തന്‍പുഴ ഭാഗത്തെ വനമേഖലയിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് മൂവരും മദ്യപിച്ചു. സുമിത്ത് മദ്യലഹരിയിലായതോടെ കയ്യില്‍ കരുതിയിരുന്ന ആസിഡ് യുവാവിന്റെ മുഖത്തും ദേഹത്തും ഒഴിക്കുകയായിരുന്നു.
രക്ഷപ്പെട്ടോടിയ യുവാവ് എത്തിയത് കോട്ടയം-പത്തനംതിട്ട ജില്ലാ അതിർത്തിയായ പ്ലാച്ചേരിയിൽ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വാഹനപരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് മുന്നിലേക്കാണ്. ഗുരുതരമായി പൊള്ളലേറ്റ സുമിത്തിനെ ഉടൻ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കേസില്‍ സാബു ദേവസ്യയെയും പ്രസീതിനെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സുമിത്തിന് ഭാര്യയും രണ്ട് പെണ്മക്കളുമുണ്ട്.
Discussion about this post