ന്യൂഡല്‍ഹി: ബലാത്സംഗത്തിനിരയായ 14 കാരിക്ക് ഗര്‍ഭഛിദ്രം ചെയ്യാന്‍ സുപ്രീംകോടതി അനുമതി. 30 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാനാണ് സുപ്രീംകോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് അനുമതി നല്‍കിയത്. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതിയിലുള്ള ബഞ്ചാണ് കേസ് പരിഗണിച്ചത്. ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ബലാത്സംഗത്തെ അതിജീവിച്ച 14കാരിയ്ക്ക് അനുകൂലമായി സുപ്രീംകോടതിയുടെ വിധി.
ഓരോ മണിക്കൂറും പെണ്‍കുട്ടിയുടെ ആരോഗ്യത്തിന് നിര്‍ണായകമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. പെൺകുട്ടിയുടെ മെഡിക്കൽ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഗർഭച്ഛിദ്രത്തിന് സുപ്രീംകോടതി അനുമതി നൽകിയത്. ഈ ഘട്ടത്തിൽ ഗർഭഛിദ്രത്തിന് വിധേയമാകുമ്പോൾ ചില അപകടസാധ്യതകൾ ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിരീക്ഷിച്ചു. എന്നാൽ പ്രസവത്തിന്റെ അപകട സാധ്യത ഇതിനേക്കാൾ മുകളിലാണെന്നാണ് കേസിലെ മെഡിക്കൽ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പെൺകുട്ടിയ്ക്ക് 14 വയസ് മാത്രമാണ് പ്രായമെന്നതിനാൽ ഗർഭം അലസിപ്പിക്കാൻ അനുവദിക്കുകയാണെന്നും ഇതൊരു ബലാത്സംഗക്കേസായതിനാൽ അസാധാരണ കേസാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഗര്‍ഭഛിദ്രത്തിന് പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കാന്‍ മുബൈ സയണിലെ ആശുപത്രിക്ക് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു.
2023 ഫെബ്രുവരിയില്‍ കാണാതായ കുട്ടിയെ മൂന്ന് മാസങ്ങള്‍ കഴിഞ്ഞ് രാജസ്ഥാനില്‍ നിന്നാണ് കണ്ടെത്തിയതെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. കാണാതായ സമയത്ത് കുട്ടി ബലാത്സംഗത്തിന് ഇരയാവുകയായിരുന്നെന്നും അവര്‍ കോടതിയില്‍ വ്യക്തമാക്കി. ഗര്‍ഭഛിദ്രം നിഷേധിച്ച ബോംബെ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് കുട്ടിയുടെ മാതാവാണ് സുപ്രീംകോടതിയെ സമീപിച്ചത്.
Discussion about this post