കൊച്ചി: വടകരയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ. ശൈലജയ്ക്ക് യു.ഡി.എഫ്. സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ വക്കീൽ നോട്ടീസ്. അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ ശൈലജ പിൻവലിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഷാഫിയുടെ നോട്ടീസ്. 24 മണിക്കൂറിനുള്ളിൽ പത്രസമ്മേളനം വിളിച്ച് മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും നോട്ടീസിൽ പറയുന്നു.
താനും പാർട്ടി പ്രവർത്തകരും ചേർന്ന് എതിർ സ്ഥാനാർഥിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ച് അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചുവെന്നാണ് കെ.കെ. ശൈലജ പറഞ്ഞത്. ഈ പ്രസ്താവന തനിക്കും കുടുംബത്തിനുമെതിരെയുള്ള സൈബർ അധിക്ഷേപങ്ങൾക്ക് വഴിവെച്ചു. തന്റെ പ്രായമായ അമ്മയെപോലും സി.പി.എം അണികൾ ഇതിലേക്ക് വലിച്ചിഴച്ചുവെന്നും ഷാഫി പറമ്പിൽ നോട്ടീസിൽ പറയുന്നു.
മോർഫ് ചെയ്ത ചിത്രങ്ങളടക്കമുള്ള അശ്ലീല വിഡിയോ കുടുംബ വാട്സാപ് ഗ്രൂപ്പുകളിലടക്കം പ്രചരിക്കുന്നെന്ന് ശൈലജ മുമ്പ് പറഞ്ഞിരുന്നു. ഇപ്പോള്‍ ഇല്ലെന്നു പറയുന്നു. ഇത് തന്നെ തന്നെ മോശക്കാരനാക്കാനും തിരഞ്ഞെടുപ്പിൽ പൊതുജനത്തിന്റെ സഹതാപം പിടിച്ചു പറ്റാന്നുള്ള അടവാണെന്നും ഷാഫി ആരോപിക്കുന്നു.
Discussion about this post