തിരുവനന്തപുരം∙ പാറശാല ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയ്ക്കു തിരിച്ചടി. കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രീഷ്മ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ നിയമപരമായ അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. എന്നാൽ ഈ വാദം നിലനിൽക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
നേരത്തെ സമാനമായ ഹർജി ഹൈക്കോടതി തള്ളിയത്തിന് പിന്നാലെയാണ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. ഗ്രീഷ്മയ്ക്കായി അഭിഭാഷകൻ ശ്രീറാം പാറക്കാട്ടാണ് ഹർജി സമർപ്പിച്ചത്. പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ റിപ്പോർട്ട് നൽകണമെന്നാണു ചട്ടം. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കു സ്റ്റേഷന്റെ ചുമതല നൽകി വിജ്ഞാപനം ഇറക്കിയിട്ടില്ലാത്ത സാഹചര്യത്തിൽ അന്വേഷണ റിപ്പോർട്ട് നൽകാനുള്ള അധികാരമില്ല. ഈ സാഹചര്യത്തിൽ സെഷൻസ് കോടതിയുടെ പരിഗണനയിലുള്ള റിപ്പോർട്ടും തുടർനടപടികളും റദ്ദാക്കണമെന്നായിരുന്നു ആവശ്യം. കേസിന്റെ വിചാരണ നടപടികള്‍ തമിഴ്നാട്ടിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഗ്രീഷ്മ നൽകിയ ഹർജി സുപ്രീം കോടതി കഴിഞ്ഞ ഒക്ടോബറിൽ തള്ളിയിരുന്നു.
2022 ഒക്ടോബര്‍ 14ന് കാമുകനായിരുന്ന ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തമിഴ്‌നാട് പളുകലിലുള്ള വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തിലും ജ്യൂസിലും വിഷം കൊടുത്തു കൊന്നുവെന്നാണ് കേസ്. ശാരീരിക അസ്വാസ്ഥ്യതയുണ്ടായ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 25ന് മരിച്ചു. ഷാരോണിന്‍റെ മരണം വിവാദമായതോടെ അമ്മ സിന്ധുവും അമ്മാവൻ നിർമ്മൽ കുമാറും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു. തുടർന്ന് ഇതേ കേസിൽ ഇവരെയും പൊലീസ് പ്രതി ചേത്തർത്തു.
Discussion about this post