ഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ജയിലിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ വിട്ടയക്കണമെന്ന പൊതുതാൽപര്യ ഹർജി തള്ളി ഡൽഹി ഹൈക്കോടതി. അരവിന്ദ് കേജ്‌രിവാളിന് അസാധാരണ ഇടക്കാല ജാമ്യം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയാണ് ഡൽഹി ഹൈക്കോടതി തള്ളിയത്. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും കേജ്‌രിവാളിന് ജാമ്യം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഹര്‍ജി തള്ളിയ കോടതി ഹര്‍ജിക്കാരന് 75,000 രൂപ പിഴ ചുമത്തുകയും ചെയ്തു.
കോടതി ഉത്തരവനുസരിച്ചാണ് കേജ്‌രിവാൾ ജയിലിൽ കഴിയുന്നതെന്ന് ഓർമിപ്പിച്ചാണ് ഹര്‍ജിക്കാരന് പിഴ ചുമത്തിയത്. ഉന്നത പദവി വഹിക്കുന്ന വ്യക്തിക്കെതിരെ നിലനിൽക്കുന്ന ക്രിമിനൽ കേസിൽ ഈ കോടതിക്ക് അസാധാരണമായ ഇടക്കാല ജാമ്യം നൽകാൻ കഴിയില്ലെന്ന് ഡൽഹി ആക്ടിംഗ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി. ജാമ്യ ഹര്‍ജി നിലവില്‍ സുപ്രീം കോടതിയുടെ മുന്നിലാണ്. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണ്, കോടതി ചൂണ്ടിക്കാട്ടി.
ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ കഴിഞ്ഞ മാര്‍ച്ച് 21 നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ അറസ്റ്റിലാകുന്നത്.
അതേസമയം, ഇൻസുലിൻ നിഷേധിച്ച് മുഖ്യമന്ത്രിയെ ജയിലിൽ ‘കൊല്ലാൻ’ പദ്ധതിയിട്ടതായി ആരോപിച്ച് കേജ്‌രിവാളിന്‍റെ ഭാര്യ സുനിത രംഗത്തെത്തി. ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള കേന്ദ്രത്തിനെതിരെ ശക്തമായ ആരോപണങ്ങൾ ഉന്നയിച്ച അവര്‍ തന്‍റെ ഭർത്താവിന് അധികാരമോഹമില്ല എന്നും അദ്ദേഹം രാഷ്ട്രീയത്തില്‍ എത്തിയത് ജനങ്ങളെ സേവിക്കാനാണെന്നും പറഞ്ഞു.ഡല്‍ഹി മുഖ്യമന്ത്രി ജാമ്യം സംബന്ധിച്ച ഹര്‍ജി ഏപ്രില്‍ 29ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.
Discussion about this post