തിരുവനന്തപുരം: ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിൽ നർത്തകി സത്യഭാമ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. ചാലക്കുടിയിലെ ഒരു നൃത്താധ്യാപകനെക്കുറിച്ചാണു പറഞ്ഞതെന്നും അതു ആർഎൽവി രാമകൃഷ്ണൻ അല്ലെന്നുമാണ് സത്യഭാമയുടെ വാദം. എന്നാൽ കോടതിയിത് അംഗീകരിച്ചില്ല. പട്ടികജാതി- പട്ടികവർഗ വിഭാഗക്കാർക്കു എതിരെയുള്ള കേസുകൾ പരിഗണിക്കുന്ന നെടുമങ്ങാട്ടെ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
ചാലക്കുടി സ്വദേശിയായ രാമകൃഷ്ണനും സത്യഭാമയും തമ്മിൽ നേരത്തെ കേസുകൾ ഉണ്ടായിരുന്നുവെന്നും രാമകൃഷ്ണന്റെ പഠന, പ്രവേശന, അക്കാദമിക കാര്യങ്ങളെക്കുറിച്ചു സത്യഭാമയ്ക്കു അറിവുണ്ടായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. പട്ടികജാതി- പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ആളാണെന്നു അറിയില്ലെന്ന വാദവും തള്ളി. കാക്ക പോലെ കറുത്തവൻ, പെറ്റമ്മ കണ്ടാൽ പോലും സഹിക്കില്ല, സുന്ദരികളായ സ്ത്രീകൾ മാത്രമേ മോഹിനിയാട്ടം കളിക്കാൻ പാടുള്ളു തുടങ്ങിയ പരാമർശങ്ങളാണ് സത്യഭാമ നടത്തിയത്. ജാതീയമായി തന്നെ അധിക്ഷേപിക്കാൻ ശ്രമിച്ചെന്നു കാട്ടിയാണ് രാമകൃഷ്ണൻ പരാതി നൽകിയത്.
Discussion about this post