തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ പി.വി.അൻവർ എംഎൽഎയ്ക്കെതിരെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പ്രസംഗം നടത്തിയത്തിനാണ് പരാതി. എടത്തനാട്ടുകരയിൽ എൽ.ഡി.എഫ് ലോക്കൽ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു അധിക്ഷേപ പരാമർശം.
ഇന്നലെ വൈകുന്നേരം പാലക്കാട് എടത്തനാട്ടുകരയിൽ നടന്ന എൽഡിഎഫ് പ്രചാരണയോഗത്തിലാണ് അൻവർ അധിക്ഷേപ പ്രസംഗം നടത്തിയത്. ‘ഗാന്ധി’ എന്ന പേര് ചേർത്ത് ഉച്ചരിക്കാൻ അർഹതയില്ലാത്ത നാലാംകിട പൗരനാണ് രാഹുൽ. പേരിനൊപ്പമുള്ള ഗാന്ധി ഒഴിവാക്കി രാഹുൽ എന്ന് മാത്രമേ വിളിക്കൂവെന്നായിരുന്നു പി.വി. അൻവറിന്റെ പരാമർശം. രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്നും അൻവർ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ജയിലില്‍ ആക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച് രാഹുൽ നടത്തിയ പ്രസംഗത്തിന് മറുപടിയായാണ് അൻവറിന്റെ അധിക്ഷേപം.
നെഹ്റു കുടുംബത്തെയും രാഹുൽഗാന്ധിയെയും നികൃഷ്ടമായ ഭാഷയിൽ അപമാനിച്ച അൻവറിനെതിരെ പോലീസ് അടിയന്തരമായി കേസെടുക്കണമെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം.ഹസൻ ആവശ്യപ്പെട്ടു. പി.വി.അൻവർ ഗോഡ്സെയുടെ പുതിയ അവതാരമാണ്. ഗാന്ധിജിയെ കൊന്ന ഗോഡ്സെയുടെ വെടിയുണ്ടകളെക്കാൾ മാരകമാണ് അൻവറിന്റെ വാക്കുകൾ. ജനപ്രതിനിധിയെന്ന നിലയിൽ ഒരിക്കലും നാവിൽ നിന്ന് വീഴാൻ പാടില്ലാത്ത പരാമർശമാണ് അൻവർ നടത്തിയതെന്നും ഹസൻ ആരോപിച്ചു.
Discussion about this post