ആലപ്പുഴ: വയോധികയായ സഹോദരിയെ ചുറ്റികകൊണ്ടു തലയ്ക്കടിച്ചുകൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ സഹോദരന് ബെന്നിയെ അറസ്റ്റ് ചെയ്തു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 12-ാം വാര്‍ഡ് പൂങ്കാവ് വടക്കന്‍പറമ്പില്‍ റോസമ്മ കൊല്ലപ്പെട്ട കേസില്‍ സഹോദരന് ബെന്നിയെ ആണ് അറസ്റ്റിലായത്. വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രതി പോലീസിനോടു സമ്മതിച്ചതായി പോലീസ് പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ റോസമ്മയെ കാണാനില്ലായിരുന്നു. ബന്ധുക്കളും നാട്ടുകാരും അന്വേഷിച്ചപ്പോള്‍ ജോലിക്കുപോയെന്നാണ് ബെന്നി പറഞ്ഞത്. സംശയം തോന്നിയ ചിലര്‍ പരാതി നല്‍കാനൊരുങ്ങുമ്പോഴാണ് മറ്റൊരു സഹോദരന്റെ മകളോട് ബെന്നി കുറ്റസമ്മതം നടത്തിയത്. തുടര്‍ന്ന് പോലീസെത്തി ഇയാളെ ചോദ്യംചെയ്തശേഷം കുഴിമാന്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
റോസമ്മ രണ്ടാംവിവാഹത്തിനു തയ്യാറെടുത്തിരുന്നു. ചമ്പക്കുളം സ്വദേശിയുമായി മേയ് ഒന്നിനു കല്യാണവും നിശ്ചയിച്ചു. ഇതില്‍ ബന്ധുക്കള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. അതു വകവെക്കാതെ ഇവര്‍ കല്യാണത്തിനായി സ്വര്‍ണമാലയും മോതിരവും വാങ്ങി. വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രതി പോലീസിനോടു സമ്മതിച്ചു.
ബെന്നിയുടെ വീടിന്റെ അടുക്കളയുടെ പിന്‍വശത്തെ വാതില്‍പ്പടിയോടു ചേര്‍ന്നുള്ള ഭാഗം കുഴിച്ചാണ് വൈകുന്നേരം മൂന്നിനു മൃതദേഹം കണ്ടെടുത്തത്. പ്രതി തന്നെയാണ് സ്ഥലം കാട്ടിക്കൊടുത്തത്.ഭര്‍ത്താവ് ഉപേക്ഷിച്ച റോസമ്മയ്ക്ക് രണ്ടുമക്കളുണ്ട്. ഇളയമകന് ജോമോനോടൊപ്പമാണ് താമസമെങ്കിലും ബെന്നിക്കു സഹായമായി മിക്കപ്പോഴും അയാളുടെ വീട്ടിലാണു ചെലവഴിച്ചിരുന്നത്.
Discussion about this post