കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിവാദ പ്രസംഗത്തിൽ പ്രതികരിച്ച് ബിജെപി ദേശിയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി. മുസ്ലിം വിഭാഗങ്ങളിലുള്ളവരെ മോദി സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. മൻമോഹൻ സിങിൻ്റെയും രാഹുൽ ഗാന്ധിയുടെയും പ്രസംഗങ്ങളിലൂന്നിയാണ് മോദി പ്രസംഗം നടത്തിയത്. ബിജെപിക്ക് ആരോടും പ്രീണനമില്ലെന്നും ഒരു മതവിഭാഗത്തെയും കുറ്റപ്പെടുത്തുന്ന വ്യക്തിയല്ല മോദിയെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് പ്രസ്ക്ലബിൽ വച്ച് നടന്ന കണക്റ്റ് വിത്ത് ലീഡേഴ്സ് എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ വികസന വിഷയങ്ങളിൽ ഒന്നും പറയാൻ ഇല്ലാത്ത എൽഡിഎഫും യൂഡിഎഫും വൈകാരിക വിഷയങ്ങൾ ചർച്ചയാക്കുകയാണ്. സിഎഎ, ഇലക്ട്രൽ ബോണ്ട് തുടങ്ങിയ വിഷയങ്ങളിൽ അനാവശ്യ പ്രചാരണങ്ങളാണ് ഇവർ നടത്തുന്നത്. ഇലക്ടറൽ ബോണ്ട് സുതാര്യമാണെന്നും കള്ളപ്പണത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ വേണ്ടി കൊണ്ടു വന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസും കമ്മ്യൂണിസ്റ്റും കേരളത്തിന് പുറത്ത് ഉണ്ടാക്കിയിട്ടുള്ള മുന്നണി രാഷ്ട്രിയം, അവരുടെ അണികളെ നിരാശപ്പെടുത്തുകയും കൊഴിഞ്ഞു പോക്ക് തുടരുകയും ചെയുന്ന സാഹചര്യത്തിൽ, അണികളെ പ്രീതിപ്പെടുത്താൻ വേണ്ടി അവസാനഘട്ട ശ്രമമായാണ് പിണറായിയും രാഹുൽ ഗാന്ധിയും പരസ്പരം പോരടിക്കുന്നത്. പക്ഷേ അതുകൊണ്ടൊന്നും രക്ഷയില്ലെന്നും, തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കേരളത്തിലെ ആറ് മണ്ഡലങ്ങളിലെങ്കിലും സിപിഎം മൂന്നാം സ്ഥാനത്തേക്ക് പോകും. ബിജെപി അക്കൗണ്ട് തുറക്കുക മാത്രമല്ല വൻ തോതിൽ വിജയം കൈവരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post