കൊച്ചി: തിരുവനന്തപുരം ലോക്സഭ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമ നിർദ്ദേശപത്രിക തള്ളണമെന്ന ഹർജി തള്ളി ഹൈക്കോടതി. ആവശ്യം ഈ ഘട്ടത്തിൽ പരിഗണിക്കാനാകുന്നതല്ലെന്നും, പത്രിക സ്വീകരിച്ച സാഹചര്യത്തിൽ പരാതിയുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് പൂർത്തിയായ ശേഷം ഹർജി നൽകാമെന്നും കോടതി നിർദ്ദേശിച്ചു. രാജീവ് ചന്ദ്രശേഖർ പത്രികയിൽ സ്വത്തുവിവരം മറച്ചുവെച്ചെന്നും ചട്ടവിരുദ്ധമായാണ് പത്രിക സമർപ്പിച്ചതെന്നും കാണിച്ച് മഹിളാ കോൺഗ്രസ് നേതാവ് അവനി ബെൻസാലും രജ്ഞിത്ത് തോമസുമാണ് ഹൈക്കോടതിയിൽ പൊതു താതപര്യ ഹർജി സമർപ്പിച്ചത്. ജസ്റ്റിസുമാരായ വി.ജി. അരുൺ, എസ്. മനു എന്നിവരുടെ ബെഞ്ച് ഹർജി തള്ളിയത്.
സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ ആധികാരികത പരിശോധിക്കാതെയാണ് വരണാധികാരി പത്രിക സ്വീകരിച്ചതെന്നും ഹർജിക്കാർ ആരോപിച്ചിരുന്നു. രാജീവ് ചന്ദ്രശേഖർ വാഹനങ്ങളുടെ പൂർണ വിവരങ്ങൾ സ്വത്ത് വിവരത്തിൽ നൽകിയിട്ടില്ലെന്നും ഓഹരി നിക്ഷേപവും മ്യൂച്വൽ ഫണ്ട് വിവരങ്ങളും പൂർണമായി നൽകിയിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. അതേ സമയം രാജീവ് ചന്ദ്രശേഖറിന്‍റെ പത്രിക സ്വീകരിച്ചെന്നും പരാതിയെക്കുറിച്ച് അന്വേഷിക്കാൻ ആദായനികുതി വകുപ്പിലെ അന്വേഷണ വിഭാഗം ഡപ്യൂട്ടി ഡയറക്ടറെ അറിയിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പു കമീഷൻ കോടതിയെ അറിയിച്ചിരുന്നു.
ഏപ്രിൽ അഞ്ചിന് രാജീവ് ചന്ദ്രശേഖർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ 28 കോടിയുടെ ആസ്തിയുള്ളതായാണ് വെളിപ്പെടുത്തിയിരിക്കുന്നത്. 2021–22ൽ 680 രൂപയും 2022–23ൽ 5,59,200 രൂപയുമാണ് നികുതി ബാധകമായ വരുമാനമായി രാജീവ് ചന്ദ്രശേഖർ കാണിച്ചിരുന്നത്.
Discussion about this post