കല്പറ്റ: വയനാട് കമ്പമലയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. ഇന്ന് രാവിലെ ആറ് മണിയോടെ നാലംഗ സംഘം എത്തിയെന്ന് നാട്ടുകാർ പറഞ്ഞു. 20 മിനുറ്റ് നേരം പ്രദേശത്ത് ഉണ്ടായിരുന്നുവെന്നും തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തുവെന്നും പ്രദേശവാസികള്‍ പറയുന്നു. സിപി മൊയ്‌തീൻ ഉൾപ്പെടെ നാല് പേരാണ് എത്തിയത്. ഇവരുടെ കൈയിൽ ആയുധങ്ങളുണ്ടായിരുന്നു.
തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ട് ഒരു കാര്യവുമില്ലെന്നും വോട്ട് ബഹിഷ്‌കരിക്കണമെന്നുമാണവർ നാട്ടുകാരോട് ആവശ്യപ്പെട്ടത്. എന്നാല്‍ നാട്ടുകാരുമായി വാക്കുതര്‍ക്കമുണ്ടായതോടെ കാട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.
മാസങ്ങള്‍ക്ക് മുൻപ് പ്രദേശത്തെ വനം വികസന കോർപറേഷന്‍റെ ഓഫീസ് മാവോയിസ്റ്റുകള്‍ അടിച്ചുതകർത്തിരുന്നു. പിന്നീട് കമ്പമല ഭാഗത്തു നിന്ന് രണ്ട് പേരെ പിടികൂടി. അതിനുശേഷം പ്രദേശത്ത് ഏറെക്കാലം മാവോയിസ്റ്റുകളുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല.

