ന്യൂഡല്‍ഹി: വോട്ടിങ് മെഷീന്‍, വിവിപാറ്റ് പ്രവര്‍ത്തനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് വ്യക്തത തേടി സുപ്രീംകോടതി. വിവിപാറ്റിന്റെ പ്രവര്‍ത്തനം, സോഫ്റ്റ് വെയര്‍ എന്നിവയില്‍ വ്യക്തത വേണം. ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ കോടതിയിലെത്തി വിശദീകരിക്കാനാണ് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചത്. ഉച്ചയ്ക്ക് രണ്ടിന് കോടതിയിൽ എത്താനാണ് നിർദേശം.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ രേഖപ്പെടുത്തപ്പെടുന്ന 100 ശതമാനം വോട്ടുകളും വിവിപാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് വ്യക്തത തേടിയത്. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
മൈക്രോ കണ്‍ട്രോളര്‍ കണ്‍ട്രോളിങ് യൂണിറ്റിലാണോ വിവിപാറ്റിലാണോ നിലവിലുള്ളത്?, മൈക്രോ കണ്‍ട്രോളര്‍ ഒരു തവണയാണോ പ്രോഗ്രാം ചെയ്യുന്നത്്?, ചിഹ്നം ലോഡ് ചെയ്യുന്നതിന് യൂണിറ്റുകള്‍ എത്ര ?, കണ്‍ട്രോള്‍ യൂണിറ്റും വിവിപാറ്റും സീല്‍ ചെയ്യുന്നുണ്ടോ?, ഇവിഎമ്മിലെ ഡാറ്റ 45 ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കേണ്ടതുണ്ടോ? എന്നിങ്ങനെ അഞ്ചു സംശയങ്ങളാണ് കോടതി ഉന്നയിച്ചത്.
ഇവിഎമ്മിന് ഒരു സോഴ്‌സ് കോഡ് ഉണ്ട്. അത് വെളിപ്പെടുത്തിയിട്ടില്ലെന്ന് സീനിയര്‍ അഭിഭാഷകന്‍ സന്തോഷ് പോള്‍ കോടതിയെ അറിയിച്ചു. സോഴ്‌സ് കോഡ് ഒരിക്കലും വെളിപ്പെടുത്താന്‍ പാടില്ല. വെളിപ്പെടുത്തിയാല്‍ അത് ദുരുപയോഗം ചെയ്യപ്പെടും. അതിനാല്‍ ഒരിക്കലും വെളിപ്പെടുത്താന്‍ പാടില്ലെന്ന് ജസ്റ്റിസ് ഖന്ന അഭിപ്രായപ്പെട്ടു.
Discussion about this post