വയനാട്: മാനന്തവാടിയിൽ ബിജെപിയുടെ പ്രചാരണ ബോർഡുകൾ എടുത്ത് മാറ്റി പൊലീസ്. എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മാനന്തവാടിയിലെത്തിയ തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈയെ സ്വാഗതം ചെയ്തുകൊണ്ടുള്ള ബോർഡുകളാണ് പൊലീസ് മാറ്റിയത്. അനാവശ്യമായി ബോർഡുകൾ എടുത്ത് മാറ്റിയതിന്റെ പേരിൽ കെ സുരേന്ദ്രനും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി.
ഇന്നലെ രാത്രിയാണ് അണ്ണാമലൈയെ സ്വാഗതം ചെയ്തുകൊണ്ടുള്ള ബോർഡുകൾ ബിജെപി പ്രവർത്തകർ നഗരത്തിൽ സ്ഥാപിച്ചത്. പൊലീസും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളയിംഗ് സ്‌ക്വാഡും ചേർന്ന് 9.30 ഓടെയാണ് ബോർഡുകൾ നീക്കം ചെയ്തത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കെ സുരേന്ദ്രനും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. ബോർഡുകൾ സ്ഥാപിച്ച സ്ഥലങ്ങളെ ചൊല്ലിയാണ് വാക്കേറ്റമുണ്ടായത്. കെ സുരേന്ദ്രന്റെ സാന്നിധ്യത്തിൽ തന്നെ ബിജെപി പ്രവർത്തകർ ബോർഡുകൾ നഗരത്തിൽ സ്ഥാപിക്കുകയായിരുന്നു.
അതേസമയം അണ്ണാമലൈയുടെ റോഡ് ഷോയും മാനന്തവാടിയിൽ നടന്നുകൊണ്ടിരിക്കുകയാണ്.നിരവധി പ്രവർത്തകരാണ് റോഡ് ഷോയിൽ പങ്കെടുക്കുന്നത്.

