ന്യൂഡല്‍ഹി: സമ്പത്തിന്റെ പുനര്‍വിതരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. എക്കാലത്തെയും ഉയര്‍ന്ന നികുതി ചുമത്തി സ്വന്തം ഖജനാവ് നിറയ്ക്കാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും അധ്വാനിച്ച് സമ്പാദിച്ച സ്വത്ത് മക്കള്‍ക്ക് കൈമാറാന്‍ അവര്‍ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി ആരോപിച്ചു. സാം പിത്രോദയുടെ പരാമര്‍ശം പരോക്ഷമായി സൂചിപ്പിച്ച് കൊണ്ട് ഛത്തീസ്ഗഡ് സര്‍ഗുജയിലെ ബിജെപി തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.
‘രാജകുമാരന്റെയും രാജകുടുംബത്തിന്റെയും ഉപദേഷ്ടാവ് ഇടത്തരക്കാര്‍ക്ക് കൂടുതല്‍ നികുതി ചുമത്തണമെന്ന് കുറച്ച് മുമ്പ് പറഞ്ഞിരുന്നു. ഇന്‍ഹെറിറ്റന്‍സ് നികുതി ചുമത്തുമെന്ന് പറയുന്നു. മാതാപിതാക്കളില്‍ നിന്ന് ലഭിക്കുന്ന അനന്തരാവകാശത്തിനും നികുതി ചുമത്തുമെന്നും കോണ്‍ഗ്രസ് പറയുന്നു. നിങ്ങളുടെ അധ്വാനത്തിലൂടെ നിങ്ങള്‍ സ്വരൂപിക്കുന്ന സമ്പത്ത് നിങ്ങളുടെ കുട്ടികള്‍ക്ക് ലഭിക്കില്ല. പകരം കോണ്‍ഗ്രസ് അത് തട്ടിയെടുക്കും.’- മോദി പറഞ്ഞു.

