തിരുവനന്തപുരം: ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് നല്ല പോളിംഗ്. രാവിലെ തുടങ്ങിയ വോട്ടെടുപ്പിന്റെ സമയ പരിധി അവസാനിക്കുമ്പോൾ കേരളത്തിൽ 70 ശതമാനത്തോളം പേരാണ് വിധി എഴുതിയത്. ഏറ്റവുമൊടുവിലെ ഔദ്യോഗിക കണക്ക് അനുസരിച്ച് 6 മണിക്ക് സംസ്ഥാനത്ത് പോളിംഗ് 67.27 ശതമാനമാണ്. നിലവിൽ ആറ് മണിവരെ ബൂത്തിലെത്തിയവർക്ക് ടോക്കൺ നൽകിയിട്ടുണ്ട്.
സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പോളിംഗ് 60 ശതമാനം കടന്നു. നഗര മേഖലകളിൽ ഇത്തവണ മികച്ച പോളിംഗ് രാവിലെ മുതൽ തന്നെ രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും താരങ്ങളുമെല്ലാം തങ്ങളുടെ വോട്ടവകാശം വിനിയോചിച്ചു. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 2 കോടി 77 ലക്ഷത്തി 49,159 വോട്ടർമാരാണ് ആകെയുള്ളത്. ചിലയിടങ്ങളിൽ ചെറിയ തോതിലുള്ള സംഘർഷങ്ങളും കയ്യാങ്കളിയും ഉണ്ടായെങ്കിലും പൊതുവേ സമാധാനപരമായിരുന്നു സംസ്ഥാനത്തെ വോട്ടെടുപ്പ്.
Discussion about this post