ചെന്നൈ: 19 വയസുള്ള പാക്പെൺകുട്ടിക്ക് ഇന്ത്യയിൽ പുതുജീവൻ. ഗുരുതരമായ ഹൃദ്രോഗം ബാധിച്ച ആയിഷ റഷാനിനാണ് ചെന്നൈയിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്. മസ്തിഷ്‍ക മരണം സംഭവിച്ച ഡൽഹി സ്വദേശിയുടെ ഹൃദയം തുടിപ്പിൽ ആയിഷ ഇനി ജീവിക്കും. 35 ലക്ഷത്തിലേറെ രൂപ ചെലവ് വരുന്ന ശസ്ത്രക്രിയക്ക് വേണ്ടിയുള്ള പണം ചെന്നൈയിലെ സന്നദ്ധസംഘടനയും ഡോക്ടർമാരുമാണ് സ്വരൂപിച്ചത്.
2019ലാണ് ആയിഷ ഇന്ത്യയിൽ ചികിത്സക്ക് എത്തിയത്. ചെന്നൈ അഡയാറിലെ ആശുപത്രിയിൽ ഡോ. കെ.ആർ. ബാലകൃഷ്ണനായിരുന്നു ചികിത്സിച്ച ഡോക്ടർ. ഹൃദയം മാറ്റിവെക്കലല്ലാതെ മറ്റ് പോംവഴികളില്ലായിരുന്നു. അതിനാൽ അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു ആയിഷ. ഇന്ത്യയിൽ അവയവദാനത്തിന് മുൻഗണന ഇവിടുത്തുകാർക്കായതിനാൽ ദാതാവിനെ കണ്ടെത്തുക പ്രയാസമായിരുന്നു. എന്നാൽ അടുത്തിടെ മസ്തിഷ്‍ക മരണം സംഭവിച്ച 69കാരന്റെ ഹൃദയം സ്വീകരിക്കാൻ മറ്റാരും തയാറാകാതെ വന്നതോടെ ആയിഷക്ക് ആ ഭാഗ്യം ലഭിക്കുകയായിരുന്നു. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ശേഷം ആയിഷ ആശുപത്രി വിട്ടു.
Discussion about this post