തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിനിടെ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കള്ളവോട്ട് നടന്നെന്ന് പരാതി. 16 കള്ളവോട്ട് പരാതികളാണ് വിവിധ ജില്ലകളിലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പത്തനംതിട്ട മണ്ഡലത്തിൽ മാത്രമായി ഏഴ് കള്ളവോട്ട് പരാതികളാണ് ഉണ്ടായത്.
പത്തനംതിട്ടയിൽ രാവിലെ മുതൽ വിവിധ സ്ഥലങ്ങളിൽ കള്ളവോട്ട് പരാതി ഉയർന്നിരുന്നു. ആനപ്പാറയിൽ ഹസ്സൻ ബീവിയുടെയും,അടൂർ മണക്കാലയിൽ ലാലി യോഹന്നാന്റെയും വോട്ടാണ് മറ്റാരോ ചെയ്തതയാണ് പരാതി. സംഭവത്തില്‍ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി പ്രതിഷേധിച്ചു. തിരുവല്ല, ഓമല്ലൂർ, അടൂർ, വെട്ടൂർ എന്നിവിടങ്ങളില്‍ നിന്നും കള്ളവോട്ട് പരാതി ഉയർന്നു.
ഇടുക്കിയിൽ ഇരട്ടവോട്ട് ചെയ്യാൻ ശ്രമിച്ചത് രണ്ട് പേരെ പോളിംഗ് ഉദ്യോഗസ്ഥർ തടഞ്ഞു. ചക്കുപള്ളത്ത് കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു. ആറാം മൈൽ സ്വദേശി ബിജുവിനെയാണ് യുഡിഎഫ് ബൂത്ത് ഏജന്റ്മാർ പിടികൂടിയത്. കരിമണ്ണൂറിലും രണ്ട് കള്ളവോട്ട് പരാതികളാണ് ഉയർന്നത്. കരിമണ്ണൂർ സ്വദേശികളായ ജെസ്സി ജോസ്, ഷാജു മാത്യു എന്നിവരുടെ വോട്ടാണ് മറ്റാരോ ചെയ്തത്.

