ന്യൂഡൽഹി: അമേഠിയിൽ രാഹുൽ ഗാന്ധി മത്സരിക്കുമോയെന്നതിൽ തീരുമാനം ഉടനുണ്ടാകുമെന്ന് റിപ്പോർട്ട്. ഇന്ന് തുടങ്ങുന്ന സ്ഥാനാർത്ഥി നിർണ്ണയ സമിതി തിരുമാനം കൈകൊള്ളുമെന്നാണ് റിപ്പോർട്ട്. മേയ് ആദ്യ വാരം രാഹുൽ അമേഠിയിൽ നാമനിർദേശപത്രിക സമർപ്പിക്കും തരത്തിലാവും പ്രഖ്യാപനം. അമേഠിയിൽ മെയ് 20നാണ് തിരഞ്ഞെടുപ്പ് നടക്കുക. റായ്ബറേലിൽ പ്രിയങ്കാ ഗാന്ധിയുടെ മത്സരിക്കുന്ന കാര്യത്തിലും തീരുമാനം ഉടനുണ്ടായേക്കും.
പരമ്പരാഗതമായി തന്നെ കോൺഗ്രസിന്റെ തന്ത്രപ്രധാനമായ സീറ്റുകളായ അമേഠി, റായ്ബറേലി എന്നിവിടങ്ങളിൽ യഥാക്രമം രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും തന്നെ മത്സരിക്കണമെന്ന് കോൺഗ്രസ് ഇലക്ഷൻ കമ്മിറ്റിയുടെ ഉത്തർപ്രദേശ് യൂണിറ്റാണ് നിർദേശിച്ചിരുന്നത്. 2019 വരെ 15 വർഷം അമേഠി ലോക്‌സഭാ സീറ്റിനെ പ്രതിനിധീകരിച്ച രാഹുൽ ഗാന്ധി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്മൃതി ഇറാനിയോടാണ് പരാജയപ്പെട്ടിരുന്നു.
അതേസമയം റായ്ബറേലിയിൽ മത്സരിക്കാനായി വരുൺ ഗാന്ധിയ്ക്ക് മേൽ സമ്മർദം ശക്തമാക്കുകയാണ് ബിജെപി. റായ്ബറേലിയിൽ മത്സരിക്കാനില്ലെന്ന നിലപാട് പിൻവലിക്കണമെന്ന് വരുണിനോട് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ബിജെപി നടപടി.
Discussion about this post