പത്തനംതിട്ട: പത്തനംതിട്ടയിൽ ഉറപ്പായും താൻ നല്ല ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ആത്മവിശ്വാസം പങ്കുവച്ച് എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണി. ജനങ്ങൾ മാറ്റം വേണമെന്ന് ആഗ്രഹിച്ചുവെന്നും പത്തനംതിട്ടയിൽ താൻ വിജയിക്കുമെന്നും അനിൽ ആന്റണി പറഞ്ഞു. എൻഡിഎ പ്രവർത്തകരിൽ നിന്ന് ഇതുപോലെ ഒരു സഹകരണം താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും അനിൽ ആന്റണി കൂട്ടിച്ചേർത്തു.
കാസർകോട് മുതൽ തിരുവനന്തപുരം വരെ എല്ലാ മണ്ഡലങ്ങളിലും എൽഡിഎഫിനെതിരെ ജനവികാരമുണ്ട്. ആൻ്റോ ആൻ്റണിക്കെതിരെ അതിനേക്കാൾ വലിയ ജനവികാരമാണുള്ളത്. ഉറപ്പായും താൻ പത്തനംതിട്ടയിൽ വിജയിക്കും. ദേശീയതലത്തിൽ കോൺഗ്രസും കമ്മ്യൂണിസ്റ്റും ഒരു മുന്നണിയുടെ ഭാഗമാണ്. രാജസ്ഥാനിൽ മാർക്സിസ്റ്റ് പാർട്ടിക്ക് ഒരംഗം പോലും ഉണ്ടോ എന്നറിയില്ല. രാജസ്ഥാനിലും സിപിഐഎമ്മിന് സീറ്റ് കൊടുത്തിട്ടുണ്ട്. മാർക്സിസ്റ്റ് പാർട്ടിക്ക് ആകെ സ്വാധീനം ഉള്ള സംസ്ഥാനം കേരളം മാത്രമാണെന്നും അനിൽ ആന്റണി പറഞ്ഞു.
കോൺഗ്രസും സിപിഐഎമ്മും തനിക്കെതിരെ ശക്തമായി മത്സരിക്കാൻ ശ്രമിച്ചു. ഇരു കൂട്ടരും പരാജയപ്പെടും. തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് പിന്നിൽ കോൺഗ്രസ് പാർട്ടിയാണ്. തനിക്കെതിരെയുള്ള ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം മാത്രമാണ്. പത്തനംതിട്ടയിൽ കോൺഗ്രസ് പരാജയം മനസ്സിലാക്കിക്കഴിഞ്ഞുവെന്നും അനിൽ പറഞ്ഞു.
Discussion about this post