ബ്യൂണസ് ഐറിസ്: സൗന്ദര്യമത്സരത്തിലെ എല്ലാ മുന്‍വിധികളേയും പൊളിച്ചെഴുതി അര്‍ജന്റീനയില്‍ നിന്നുള്ള അറുപതുകാരി അലക്‌സാന്ദ്ര മരീസ റോഡ്രിഗസ്. ബ്യൂണസ് ഐറിസ് പ്രവിശ്യയുടെ മിസ് യൂണിവേഴ്‌സ് കിരീടം ചൂടി അലക്‌സാന്ദ്ര ചരിത്രം കുറിച്ചു. സൗന്ദര്യ മത്സരങ്ങളുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു അറുപതുകാരി കിരീടം അണിയുന്നത്.
‘ശാരീരികമായ അളവുകൾ മാത്രമല്ല സൗന്ദര്യം എന്നതിന്റെ ഉദാഹരണമാണ് എന്റെ വിജയം. പുതിയൊരു തുടക്കം കുറിക്കാനായതില്‍ എനിക്ക് സന്തോഷമുണ്ട്. ബ്യൂണസ് ഐറിസിനെ പ്രതിനിധീകരിക്കുന്നതില്‍ ഞാന്‍ ആവേശത്തിലാണ്.’എന്ന് അലക്‌സാന്ദ്ര പറഞ്ഞു. മേയില്‍ നടക്കുന്ന മിസ് യൂണിവേഴ്‌സ് അര്‍ജന്റീന മത്സരത്തില്‍ ബ്യൂണസ് ഐറിസിനെ പ്രതിനിധീകരിക്കുന്നത് അലക്‌സാന്ദ്രയാകും. അതില്‍ വിജയിച്ചാല്‍ മെക്‌സിക്കോയില്‍ സെപ്റ്റംബര്‍ 28-ന് നടക്കുന്ന മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ അര്‍ജന്റീനയെ പ്രതിനിധീകരിക്കുന്നതും ഈ അറുപതുകാരിയായിരിക്കും.
നേരത്തെ സൗന്ദര്യ മത്സരത്തില്‍ 18-നും 28-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമേ മത്സരിക്കാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ. എന്നാല്‍ 2023-ല്‍ ഈ നിയമം മാറ്റുകയും 18 വയസ് മുതല്‍ എത്രവയസ് വരേയുള്ളവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കുകയും ചെയ്തിരുന്നു. മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ മാറ്റുരയ്ക്കുന്ന മറ്റൊരു പ്രായം കൂടിയ മത്സരാര്‍ഥി ഡൊമിനികന്‍ റിപ്പബ്ലിക്കിന്റെ 47 ക്കാരി ഹൈദി ക്രൂസാണ്.
Discussion about this post