ന്യൂഡൽഹി: ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജന്റെയും പ്രകാശ് ജാവദേക്കറുടെയും കൂടികാഴ്ചയിൽ പ്രതികരിക്കാതെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും കേരളത്തിലെ പാർട്ടി നേതാക്കൾ സംസാരിച്ചിട്ടുണ്ടെന്നും പറഞ്ഞ് യെച്ചുരി ഒഴിഞ്ഞുമാറുകയായിരുന്നു.
രാഷ്ട്രീയ നേതാക്കൾ തമ്മിൽ കാണുന്നത് സാധാരണമാണ്. എന്നാൽ ബിജെപി നേതാവ് സിപിഎം സിസി അംഗത്തെ വീട്ടിൽ വന്ന് കാണുന്നത് അസാധാരണമാണ്. അങ്ങനെയൊരു കൂടിക്കാഴ്ച നടന്ന ശേഷവും ജയരാജൻ പാർട്ടിയെ ഇക്കാര്യം അറിയിച്ചില്ല. ഇത് അറിയിക്കേണ്ട ബാധ്യതയുണ്ടായിരുന്ന നേതാവ് മൂടിവച്ച് പാർട്ടിവിരുദ്ധമാണ്. വിഷയത്തിൽ കേരളത്തിൽ ആലോചിച്ച ശേഷം എന്തു നടപടി വേണമെന്ന് പാർട്ടി കേന്ദ്ര നേതൃത്വം ചർച്ച ചെയ്ത് തീരുമാനിക്കും എന്ന സൂചനയാണ് ലഭിക്കുന്നത്.
അതേസമയം, ഇപി ജയരാജൻ ഇന്നലെ നടത്തിയ തുറന്നു പറച്ചിൽ സിപിഎം കേന്ദ്ര നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം ബിജെപിയുടെ മുതിർന്ന നേതാവുമായി വീട്ടിൽ കൂടിക്കാഴ്ച നടത്തിയെന്നത് നിസാരമായി തള്ളാനാവില്ലെന്ന വികാരമാണ് മുതിര്‍ന്ന നേതാക്കൾക്കുളളത്. കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് ചേരുന്നത് പാർട്ടി ആയുധമാക്കുമ്പോൾ ഈ ചർച്ച വൻ തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ ബിജെപി പ്രവേശന വിവാദത്തില്‍ ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനം ഇപി ജയരാജൻ ഒഴിയേണ്ടി വന്നേക്കുമെന്നാണ് റിപ്പോർട്ട്.

