തിരുവനന്തപുരം: എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി പരീക്ഷകൾക്കു നൽകേണ്ട ഗ്രേസ് മാർക്ക് മാനദണ്ഡം പുതുക്കി. ഒരേ നേട്ടത്തിന് ഗ്രേസ് മാർക്കും ബോണസ് പോയിൻ്റും ഇല്ലാതാകും. ഇതോടെ ദേശീയ കായിക മത്സരങ്ങളിലെ നേട്ടം കണക്കാക്കി, പ്ലസ് വൺ പ്രവേശനത്തിന് ഒന്നോ രണ്ടോ ബോണസ് പോയിന്റ് നൽകിയിരുന്നത് ഒഴിവാക്കി.
സംസ്ഥാനംമുതൽ അന്താരാഷ്ട്രതലം വരെയുള്ള മത്സരങ്ങളിലെ നേട്ടം പരിഗണിച്ച് മൂന്നു മുതൽ 100 മാർക്കുവരെ നൽകാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നത്. ഗ്രേസ് മാർക്കുള്ളവർ ഇരട്ട ആനുകൂല്യം നേടുന്നുവെന്ന വിമർശനം കണക്കിലെടുത്താണ് ഈ നടപടി.
എട്ടോ ഒമ്പതോ ക്ലാസുകളിലെ ദേശീയ സംസ്ഥാന മത്സരത്തിലെ നേട്ടം പത്താംക്ലാസിൽ പരിഗണിക്കാനുള്ള വ്യവസ്ഥകളും നിർദേശിച്ചു. എട്ടാംക്ലാസിലെ മെറിറ്റുവെച്ചാണെങ്കിൽ ഒമ്പതിലോ പത്തിലോ ജില്ലാതലത്തിൽ മത്സരിച്ചതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഒമ്പതിലെ മെറിറ്റു വെച്ചാണെങ്കിൽ പത്താം ക്ലാസിൽ ജില്ലാ മത്സരത്തിൽ കുറയാത്ത സർട്ടിഫിക്കറ്റ് വേണം. വിവിധ ഇനങ്ങളിൽ പങ്കെടുത്ത് അർഹത നേടിയെങ്കിൽ അവരുടെ ഏറ്റവും കൂടുതലുള്ള മാർക്ക് ആണ് പരിഗണിക്കുക.
Discussion about this post