ആലപ്പുഴ: ഹരിപ്പാട് ഡാണാപ്പടിയിൽ പശ്ചിമബംഗാൾ സ്വദേശിയായ മത്സ്യവിൽപ്പനക്കാരൻ കുത്തേറ്റു മരിച്ച സംഭവത്തിൽ പിടിയിലായത് ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതി. ചെറുതന സ്വദേശി യദുകൃഷ്ണനാണ് പിടിയിലായത്. മാൾഡ സ്വദേശി ഓംപ്രകാശാണ് കുത്തേറ്റുമരിച്ചത്. കുത്തേറ്റുവീണ ഓംപ്രകാശിനെ ഹരിപ്പാട് സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ശനിയാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. മദ്യപിക്കുന്നതിനായി ഗൂഗിള്‍പേ വഴി പണം അയക്കാണമെന്നും പകരം കാഷ് നല്‍കാമെന്ന് യദുകൃഷ്ണൻ ബംഗാള്‍ സ്വദേശിയോട് ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോള്‍ കത്തിയെടുത്ത് നെഞ്ചില്‍ കുത്തുകയായിരുന്നു. സംഭവത്തിന് മുൻപ് പശ്ചിമബംഗാൾ സ്വദേശികളായ കച്ചവടക്കാർ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതേത്തുടർന്ന് പശ്ചിമബംഗാളുകാരായ നാലുപേരെ പോലീസ് ആദ്യം കസ്റ്റഡിയിലെടുത്തെങ്കിലും യദുകൃഷ്ണനാണ് പ്രതിയെന്ന് ഉറപ്പാക്കിയതോടെ വിട്ടയച്ചു.
കായംകുളം കേന്ദ്രീകരിച്ച് മീൻവിൽപ്പന നടത്തുന്നവരുടെ തൊഴിലാളിയാണ് കൊല്ലപ്പെട്ട ഓംപ്രകാശ്. ഇവർ വൈകുന്നേരം വാഹനത്തിൽ മീനെത്തിച്ച് വിൽപ്പനയ്ക്കു മറുനാടൻ തൊഴിലാളികളെ നിയോഗിക്കും. കായംകുളം- കാർത്തികപ്പള്ളി റോഡിലെ പ്രധാനകേന്ദ്രങ്ങളിലെല്ലാം ഇങ്ങനെ മീൻവിൽപ്പ നടക്കുന്നുണ്ട്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ അനുമതിയില്ലാതെ നടക്കുന്ന ഈ കച്ചവടം നിയന്ത്രിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.
Discussion about this post