തിരുവനന്തപുരം: ഇപി ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ ചര്‍ച്ച നടത്തിയെന്ന വിവാദത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജാവ്ദേക്കറുമായുള്ള കൂടിക്കാഴ്ചയിൽ ഇപിക്ക് ജാഗ്രത കുറവ് ഉണ്ടായി. ദല്ലാളുമാരുമായി ഇടത് നേതാക്കൾ അടുപ്പം പുലർത്തരുതെന്നും ബിനോയ് പറഞ്ഞു. സിപിഎം തിരുത്തുമെന്നു പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൺവീനർ സ്ഥാനം ഇപി ഒഴിയണ്ടേ എന്ന ചോദ്യത്തിന് ,സിപിഎം ഉചിതമായ തീരുമാനം എടുക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
തെറ്റുപറ്റിയാൽ, തിരുത്താൻ ആർജ്ജവം ഉള്ള പാർട്ടിയാണ് സിപിഎമ്മെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം കേരളത്തിന്റെ ചുമതല ഉള്ള ബിജെപി പ്രഭാരി പ്രകാശ് ജാവ്ദേക്കരുമായി കൂടിക്കാഴ്ച്ച നടത്തി എന്ന ഇപി ജയരാജന്റെ വെളിപ്പെടുത്തൽ നാളെ ചേരുന്ന സിപിഎം സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും. ജയരാജന് എതിരെ നടപടിക്ക് സാധ്യത ഉണ്ട്. വോട്ടെടുപ്പ് ദിനത്തിലെ ഇ പി യുടെ തുറന്ന് പറച്ചിൽ പാർട്ടിയെ കടുത്ത വെട്ടിൽ ആക്കി എന്നാണ് നേതാക്കളുടെ വിലയിരുത്തൽ.

